ന്യൂഡൽഹി
പാവപ്പെട്ടവരെ സഹായിക്കാനുള്ള സർക്കാർ നയങ്ങൾക്കോ പദ്ധതികൾക്കോ എതിര് നിൽക്കില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യപ്രഖ്യാപനങ്ങൾ നിയന്ത്രിക്കണമെന്ന ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ ഹർജിയിലാണ് ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്ഷേമപദ്ധതി നടപ്പാക്കുന്നത്. സഹായം നൽകുന്നത് സൗജന്യമാകുമെന്ന വാദങ്ങൾ പരിശോധിക്കൽ കോടതിയുടെ പണിയല്ല. പക്ഷേ, സൗജന്യമെന്താണെന്നും ക്ഷേമപദ്ധതി എന്താണെന്നും കൃത്യമായി നിർവചിക്കണം. ക്ഷേമപദ്ധതികൾ അനിവാര്യമാണെങ്കിലും അവ സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കരുതെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.
ബുധനാഴ്ച വാദംകേൾക്കൽ തുടരുമെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ, റിസർവ് ബാങ്ക്, ധനകമീഷൻ, രാഷ്ട്രീയപാർടികൾ തുടങ്ങിയ പ്രതിനിധികളുള്ള വിദഗ്ധസമിതി രൂപീകരിച്ച് സൗജന്യപ്രഖ്യാപനങ്ങളിൽ ആവശ്യമായ ശുപാർശകൾ പുറപ്പെടുവിക്കട്ടേയെന്നാണ് സുപ്രീംകോടതി നിലപാട്.