മട്ടന്നൂർ
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയെന്ന മാധ്യമ പ്രചാരണം കണ്ണടച്ച് ഇരുട്ടാക്കൽ. തുടർച്ചയായി ആറാം തവണയും എൽഡിഎഫ് നേടിയ തകർപ്പൻ വിജയത്തിന്റെ ശോഭകെടുത്താൻ യുഡിഎഫ് പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്താണ് വലതുപക്ഷ മാധ്യമങ്ങളുടെ കഥാസൃഷ്ടി. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലെന്ന പോലെ ഇക്കുറിയും 50 ശതമാനത്തിലേറെ വോട്ട് നേടിയാണ് എൽഡിഎഫ് തുടർഭരണമുറപ്പിച്ചത്. ഈ മിന്നും വിജയത്തെയാണ് യുഡിഎഫ് സീറ്റ് ഇരട്ടിയാക്കിയെന്നതു മാത്രം എടുത്തുകാട്ടി മാധ്യമങ്ങൾ ഇകഴ്ത്തുന്നത്.
യുഡിഎഫ് ഇത്തവണ 14 സീറ്റിലാണ് ജയിച്ചത്. 2012ൽ ആകെ 34 സീറ്റ് ആയിരുന്നപ്പോഴും യുഡിഎഫിന് 14 സീറ്റ് കിട്ടിയിരുന്നു. എൽഡിഎഫിന് 20 മാത്രം. 2017ൽ 35 സീറ്റ് ആയപ്പോൾ എൽഡിഎഫിന് 28. യുഡിഎഫിന് ഏഴായി കുറഞ്ഞു. 2017ലെ പ്രത്യേക സാഹചര്യത്തിലാണ് അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പുനടത്താൻ ഇടതുപക്ഷത്തിനായത്. ബിജെപിയും എസ്ഡിപിഐയും സ്വന്തം സ്ഥാനാർഥിക്ക് വോട്ട് പിടിച്ചപ്പോൾ മതേനിരപേക്ഷപക്ഷം വൻ വിജയം നേടുകയായിരുന്നു.
ഇത്തവണയാകട്ടെ എസ്ഡിപിഐ വെറും നാലു സീറ്റിൽ മത്സരിച്ച് മറ്റിടങ്ങളിൽ യുഡിഎഫിന് വോട്ട് മറിച്ചു. ബിജെപിയുമായും യുഡിഎഫ് ഒത്തുകളിച്ചു. എന്നിട്ടും യുഡിഎഫിന് ഭൂരിപക്ഷത്തിന്റെ അടുത്തെത്താനായില്ല.
എല്ലാ അവിശുദ്ധ കൂട്ടുകെട്ടിനേയും തോൽപ്പിച്ചാണ് ജനപിന്തുണയുടെ മകുടോദാഹരണമായി എൽഡിഎഫ് 50 ശതമാനത്തിലേറെ വോട്ട് നേടിയത്. വിജയിച്ച 21ൽ 12ലും 242 മുതൽ 580 വോട്ട് വരെയാണ് എൽഡിഎഫ് ഭൂരിപക്ഷം. യുഡിഎഫ് ഏഴ് വാർഡിൽ ജയിച്ചത് 50ൽ താഴെ വോട്ടിനാണ്. നാലിടത്ത് 20 വോട്ടിൽ താഴെ. എൽഡിഎഫിന് 50ൽ കുറഞ്ഞ ലീഡ് മൂന്ന് സീറ്റിൽ മാത്രമാണ്.