തിരുവനന്തപുരം > സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി നേരിടാൻ ശക്തമായ നടപടികൾ തുടരുന്നതായി മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മയക്കു മരുന്ന് വിതരണവും കടത്തും തടയുന്നതിനായി രഹസ്യ നിരീക്ഷണവും ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനവും ചെക്ക്പോസ്റ്റുകളിൽ കർശന വാഹന പരിശോധനയും നടക്കുന്നുണ്ട്. എൻഡിപിഎസ് കേസുകളിലെ മുൻ പ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവർ തുടർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
വിമുക്തിയുടെ നേതൃത്വത്തിൽ സ്കൂൾ കോളേജ് തലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികളിലെ ലഹരിയുടെ ഉപയോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞ് കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ലഹരിയിൽ നിന്നും സ്വയം സംരക്ഷണം തീർക്കുന്നതിനുള്ള കഴിവ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ വിമുക്തി ക്ലബ്ബുകൾ വഴി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥികളുടെ കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കർമ്മശേഷി മറ്റു മേഖലകളിൽ വിനിയോഗിക്കുന്നതിനുമായി ഉണർവ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
ലഹരി മുക്ത കേരളം സാക്ഷാത്കരിക്കുന്നതിനുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ലഹരിക്കെതിരെ വിവിധതലങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയും, ലഹരിക്ക് അടിമപ്പെട്ടവർക്ക് ലഹരിമോചന ചികിത്സ, കൗൺസിലിങ് എന്നിവ നൽകുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പൊതുജന പങ്കാളിത്തത്തോടെയും മറ്റു സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയും ലഹരിക്കെതിരെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
ആദിവാസി- തീരദേശ മേഖലകളിൽ ലഹരി വർജ്ജന പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഈ മേഖലകളിലെ യുവാക്കളിലും കുട്ടികളിലും കായിക ശേഷി വർധിപ്പിക്കുന്നതിനും അനഭിലഷണീയമായ പ്രവണതകളിൽ ഏർപ്പെടാതിരിക്കുന്നതിനും ഫിറ്റ്നസ് കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
മയക്കുമരുന്നുപയോഗത്തോടുള്ള പ്രതിരോധം ഫലപ്രദമാക്കുന്നതിന് ജനകീയ പങ്കാളിത്തം അനിവാര്യമാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡ് തലം മുതൽ പൊതുജന പങ്കാളിത്തത്തോടെ വിമുക്തി കമ്മിറ്റികൾ രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും പരാതികളും പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നതിനും ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകുന്നതിനും വിമുക്തി കമ്മിറ്റി സഹായകരമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.