കൊച്ചി > യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച്, പണവും സ്വർണവും കവർന്നുവെന്ന പരാതിയിൽ ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ. കൊല്ലം ഉമയനല്ലൂർ ആനക്കുഴി ഭൂതനാഥക്ഷേത്രത്തിനുസമീപം ഷീലാലയത്തിൽ ഹസീന (28), ഭർത്താവ് ജെ ജിതിൻ (28), മേക്കോൺ ജുമാ മസ്ജിദിനുസമീപം ചന്ദനത്തോപ്പ് അൻഷാദ് മൻസിൽ എസ് അൻഷാദ് (26) എന്നിവരെയാണ് സെൻട്രൽ എസ്എച്ച്ഒ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അനസ് എന്നയാളെ പിടികൂടിയിട്ടില്ല. വൈക്കം സ്വദേശിയായ യുവാവിനെ എറണാകുളം ഹോസ്പിറ്റൽ റോഡിലെ ലോഡ്ജിൽ എത്തിച്ചാണ് കവർച്ച നടത്തിയത്.
പരാതിക്കാരൻ തൃപ്പൂണിത്തുറയിൽ ഹോം നഴ്സിങ് സർവീസ് നടത്തുകയാണ്. ജോലിതേടി സമീപിച്ച ഹസീനയ്ക്ക് ഒഴിവുകളുടെ വിവരം വാട്സാപ്പിൽ നൽകി. പിന്നീട്, പണം കടം ചോദിച്ച് ഹസീന തിരിച്ച് വാട്സാപ് സന്ദേശമയച്ചു. ഓൺലൈനിൽ പണം തരാമെന്ന് അറിയിച്ചെങ്കിലും വായ്പയുള്ളതിനാൽ ബാങ്കുകാർ പണം പിടിക്കുമെന്നും നേരിട്ട് കാണണമെന്നും ഹസീന പരാതിക്കാരനെ അറിയിച്ചു.
ഹസീന പറഞ്ഞതനുസരിച്ച് ഹോസ്പിറ്റൽ റോഡിലെ ലോഡ്ജ് മുറിയിൽ എത്തിയ പരാതിക്കാരനെ, പുറത്തുനിന്നെത്തിയ ജിതിനും സുഹൃത്തുക്കളായ അൻഷാദും അനസും കസേരയിൽ കെട്ടിയിട്ട്, വായിൽ തോർത്തുതിരുകി മർദിക്കുകയായിരുന്നു. മാല, കൈ ചെയിൻ, മോതിരം എന്നിവ ഊരിയെടുത്തു. 30,000 രൂപയും തട്ടിയെടുത്തു. ഹസീന പരാതിക്കാരനെ ഭീഷണിപ്പെടുത്തി എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങി 10,000 രൂപ എടിഎമ്മിൽനിന്നും 15,000 രൂപ ഗൂഗിൾ പേ വഴിയും തട്ടിയെടുത്തു. മൊബൈൽഫോൺ അൻഷാദ് തട്ടിയെടുത്ത്, പിന്നീട് പെന്റാ മേനകയിൽ വിറ്റു. വിവരം പുറത്തുപറഞ്ഞാൽ ഫെയ്സ്ബുക്കിലൂടെ പുറത്തറിയിച്ച് നാണംകെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
പരാതിപ്പെട്ടതോടെ ഒളിവിൽപ്പോയ പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എരൂരിലെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. നാലാംപ്രതി അനസ് ഒളിവിലാണ്. എസ്ഐമാരായ കെ പി അഖിൽ, സേവ്യർ ലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ കെ എൽ അനീഷ്, പി എ ഇഗ്നേഷ്യസ്, പി കെ ഷിഹാബ് എന്നിവരും അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.