തിരുവനന്തപുരം> ഭക്ഷ്യമന്ത്രി ജി ആർ അനിലിനോട് അപമര്യാദയായി പെരുമാറിയ വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിഐ ഗിരിലാലിനെ സ്ഥലം മാറ്റി. മന്ത്രി അനിൽ തന്റെ മണ്ഡലമായ നെടുമാങ്ങാടുള്ള ഒരു വീട്ടമ്മയുടെ പരാതിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് സിഐ അപമര്യാദയായി സംസാരിച്ചത്. ഈ ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു.
തന്റെ രണ്ടാം ഭർത്താവ് 11 കാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന വീട്ടമ്മയുടെ പരാതിയിൽ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഇന്നലെ രാത്രി മന്ത്രി സ്ഷനിൽ വിളിച്ചത്. എന്നാൽ ന്യായം നോക്കി ഇടപെടാമെന്നാണ് സിഐ പറഞ്ഞത്. പരാതി ലഭിച്ചാൽ ഉടനെ നടപടിയെടുക്കുകയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചതോടെ സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടുവെന്ന് സിഐ പറഞ്ഞു. ഇതോടെ മന്ത്രിയും സിഐയും തമ്മിൽ വാക്കുതർക്കമായി. വിവരം മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുയായിരുന്നു.
സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി സിഐ ഗിരിലാലിനോട് വിശദീകരണം തേടി. വിജിലൻസിലേക്കാണ് ഗിരിലാലിനെ സ്ഥലം മാറ്റിയത്. അതേസമയം വീട്ടമ്മയുടെ പരാതിയിൽ ഇന്ന് വട്ടപ്പാറ പൊലീസ് മൊഴിയെടുത്ത് കേസെടുത്തു. ജുവെെനൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടത്തത്.