തിരുവനന്തപുരം> സ്വർണ്ണ കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ പഞ്ചാബ് സ്വദേശി പോലീസ് പിടിയിലായതോടെ സ്വപ്നയ്ക്ക് കുരുക്ക് മുറുകുന്നു. മുംബൈയിലെ ബാബാ സാഹേബ് അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സ്പേസ് പാർക്കിൽ ജോലി നേടാനാണ് സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചത്.
പഞ്ചാബിലെ അമൃത്സർ സ്വദേശി സച്ചിൻ ദാസ് (41) ആണ് മുംബൈയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയിൽ നിന്ന് ബികോം ബിരുദം നേടിയതായിട്ടുള്ള വ്യാജ സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നിർമ്മിച്ചു നൽകിയത്. ഈ വിഷയത്തിൽ ആരോപണം ഉയർന്നപ്പോൾ തന്നെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് പൊലീസിന് ചില തടസ്സങ്ങളുണ്ടായെങ്കിലും ഒടുവിൽ പോലീസ് പ്രതിയെ കണ്ടെത്തി. തുടർന്നാണ് ഇയാളെ കന്റോൺമെന്റ് പോലീസ് പഞ്ചാബിൽ നിന്നും പിടികൂടുകയായിരുന്നു.
പഞ്ചാബ് സ്വദേശിയായ സച്ചിൻദാസ് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം മുഖാന്തരം 2017ലാണ് സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയത്. ബികോം ബിരുദം നേടിയതായിട്ടുള്ള വ്യാജ രേഖ ഹാജരാക്കിയാണ് സ്വപ്ന സ്പേസ്പാർക്കിൽ ജോലി കരസ്ഥമാക്കിയയത്. ഒരു ലക്ഷത്തോളം രൂപ നൽകിയാണ് സ്വപ്ന ഈ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൈക്കലാക്കിയത്. ഈ വ്യാജ രേഖയുടെ അടിസ്ഥാനത്തിലാണ് സ്പേസ് പാർക്ക് കൺസൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ ഇവർക്ക് ജോലി നല്കാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അറസ്റ്റിലായതിന് പിന്നാലെ തന്നെ വ്യാജ ബിരുദം ഉപയോഗിച്ചാണ് ഇവർ സ്പേസ് പാർക്കിൽ ജോലി കരസ്ഥമാക്കിയതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
വ്യാജരേഖയാണെന്ന് വാർത്ത വന്നതോടെ സ്വപ്ന ജോലി ചെയ്ത കാലയളവിൽ വാങ്ങിയ ശമ്പളം തിരിച്ചു തരണമെന്ന് സർക്കാരിന്റെ ധനകാര്യപരിശോധനാ വിഭാഗം പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ കൺസൾട്ടൻസിയോട് ആവശ്യപ്പെട്ടിരുന്നു. സ്പേസ് പാർക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന കെഎസ്ഐടിഎല്ലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പിഡബ്ള്യുസി ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ സഹായിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തതോടെ സ്വപ്നയുടെ തട്ടിപ്പിന്റെയും ഗൂഢാലോചനയുടെയും കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് സൂചന.
ആഗസ്റ്റ് 21-ാം തീയതി വൈകുന്നേരം നാലു മണിയോടെ അമൃത്സറിലെ വീട്ടിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും നാർക്കോട്ടിക് സെല്ലിലെ രണ്ടു പോലീസുകാരുമാണ് പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പഞ്ചാബിൽ നിന്നും പ്രതിയുമായി ഡൽഹിയിൽ എത്തിയ അന്വേഷണ സംഘം രാജധാനി എക്സ്പ്രെസ്സിൽ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കാനുള്ള ട്രാൻസിറ്റ് വാറന്റുമായാണ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരുന്നത്. സച്ചിൻദാസിന്റെ വീട്ടിൽ നിന്നും മറ്റ് പല സർവ്വകലാശാലകളുടെയും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28ന് ഇയാളുടെ വീട് കണ്ടെത്തി പരിശോധന നടത്തി വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ അന്ന് ഇയാളെ കണ്ടെത്താനായില്ല. വ്യാജ ഫോൺ നമ്പറുകൾ ആയിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. ഇയാളുമായി അടുപ്പമുളള പലരെയും നിരീക്ഷിച്ചതിൽ നിന്നും നിരവധി ഫോൺ നമ്പറുകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ, ഡിസിപി അജിത്കുമാർ എന്നിവരുടെ ഉത്തരവിന് പ്രകാരം കന്റോൺമെന്റ് സി ഐ മുഹമ്മദ് ഷാഫിയുടെ നിർദേശത്തിൽ എസ് ഐ ദിൽജിത്, സിവിൽ പോലീസ് ഓഫീസർ വിനോദ്, നാർക്കോട്ടിക് സെല്ലിലെ എ എസ് ഐ സാബു, മണികണ്ഠൻ എന്നിവരാണ് പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടിയത്.