തൃശൂർ> തൃശൂർ കുട്ടനല്ലൂർ ഗവ. കോളേജിൽ യൂത്ത് കോൺഗ്രസ് ഐഎൻടിയുസി ക്രിമിനലുകളുടെ അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്. കെഎസ്യു ജില്ലാ സെക്രട്ടറി വിഷ്ണു ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് നിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.
വിഘ്നേഷ്, രാഹുൽ, ഡിബിൻ, ആകാശ്, ജഗൻ, ഹൃഷി എന്നീ ആറ് എസ് എഫ് ഐ പ്രവർത്തകരെ ഗുരുതര പരിക്കുകളോടെ തൃശൂർ കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡസ്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകവേയാണ് യൂത്ത് കോൺക്രസ് അക്രമം. സമാനമായ നിലയിൽ മൂന്നാഴ്ച്ചകൾക്ക് മുൻപ് തൃശൂർ ഗവ. ലോ കോളേജിലും അക്രമപ്രവർത്തനങ്ങൾക്ക് കെഎസ്യു നേതൃത്വം നൽകിയിരുന്നു.
ധീരജ് ആവർത്തിക്കപ്പെടുമെന്ന ഭീഷണികൾ എസ്എഫ്ഐക്കെതിരെ നിരന്തരം മുഴക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസ് ക്രിമിനലുകളുടെ കൈയ്യിൽ ആയുധം കൊടുത്ത് എസ്എഫ്ഐ പ്രവർത്തകരുടെ ജീവനെടുക്കാൻ ക്യാമ്പസ്സിലേക്കയക്കുന്ന പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. കലാലയങ്ങളെ കലാപഭൂമിയാക്കാൻ ആയുധങ്ങളുമായെത്തുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തി ശക്തമായ പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾക്കും എസ്എഫ്ഐ നേതൃത്വം നൽകുമെന്നും ആർഷോ പറഞ്ഞു.