ന്യൂഡല്ഹി> ബില്ക്കീസ് ബാനു കേസിലെ പ്രതികള്ക്ക് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സര്ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജികള് സുപ്രീം കോടതി പരിഗണിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂല് കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര, മാധ്യമപ്രവര്ത്തക രേവതി ലൗള്, ആക്ടിവിസ്റ്റ് രൂപ് രേഖ വര്മ എന്നിവരാണ് ഗുജറാത്ത് സര്ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹര്ജി നല്കിയത്.
ജയിലില് 15 വര്ഷം പൂര്ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിഷയത്തില് തീരുമാനമെടുക്കാന് സുപ്രീം കോടതി ഗുജറാത്ത് സര്ക്കാരിന് നിര്ദേശം നല്കുകയും തുടര്ന്ന് ഇവരെ വിട്ടയയ്ക്കാന് സര്ക്കാര് തീരുമാനിക്കുകയുമായിരുന്നു.കൂട്ടബലാത്സംഗത്തിനും ബില്ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.
ഗുജറാത്ത് വംശഹത്യക്കിടെ 2002 മാര്ച് മൂന്നിനാണ് ബില്ക്കീസ് ബാനു 22 തവണ കൂട്ട ബലാസംഗത്തിനിരയായത്. ബില്ക്കീസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികള് നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകവും ബില്ക്കീസിന്
കാണേണ്ടിവന്നു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ദേവഗഡ് ബാരിയിലായിരുന്നു അക്രമം നടന്നത്.
മുതിര്ന്ന അഭിഭാഷകന് കപില് സിബല് ആണ് സുഭാഷിണി അലിക്കായി വാദിക്കുന്നത്. മഹുവ മൊയ്ത്രയ്ക്ക് വേണ്ടി അഭിഷേക് സിങ്വിയും
ഹാജരാകും