മട്ടന്നൂർ> ചാവശ്ശേരിയിൽ ആർഎസ്എസ് എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ ആറ് വീടുകൾക്ക് നേരെ അക്രമമുണ്ടായി. ഒരു കാറും തകർത്തു. മഹിളാ മോർച്ച ഇരിട്ടി മണ്ഡലം പ്രസിഡന്റ് മണ്ണോറ റോഡിലെ കെപി ഷീജ, ആർഎസ്എസ് ചാവശേരി ശിക്ഷക് പ്രമുഖ് പറയനാട്ടെ കെ സന്ദീപ്, കെ വി അജയൻ, എസ്ഡിപിഐ പ്രവർത്തകനായ സിനാസ്, കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വീടുകളുടെ ജനൽച്ചില്ലുകളും വാതിലുകളും ഫർണിച്ചറുകളും അടിച്ചു തകർക്കുകയും വരാന്തയിലെ ടൈൽസ് കുത്തിപ്പൊളിക്കുകയും ചെയ്തു. സിനാസിന്റ് ഉപ്പ എം കെ ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവരെ പരിക്കുകളോടെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹംസയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്തു. ഹംസ മുസ്ലീം ലീഗ് മുൻസിപ്പൽ കമ്മിറ്റി അംഗമാണ്.
തിങ്കൾ രാത്രിയും ചൊവ്വ പുലർച്ചെയുമായിരുന്നു അക്രമം. കഴിഞ്ഞ ദിവസം രാത്രി ചാവശേരി ടൗണിൽ നിന്നും പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിൽ സ്ഫോടനമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് ആർഎസ്എസും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു.
ഡിഐജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമീഷണൽ ആർ ഇളങ്കോ, റൂറൽ എസ്പി രാജീവ്, കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. പ്രദേശത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ഇരിട്ടി , മട്ടന്നൂർ, മുഴക്കുന്ന് തുടങ്ങിയ സ്റ്റേഷനുകളിലെ സിഐ, എസ്ഐമാരും സ്ഥലത്തെത്തി. ഏതാനും പേരെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.