കണ്ണൂർ
ഗവർണറുടെ അന്യായ ഇടപെടൽ കണ്ണൂർ സർവകലാശാലയുടെ അക്കാദമിക പ്രവർത്തനവും താളംതെറ്റിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഗവർണർ പഠന ബോർഡ് (ബോർഡ് ഓഫ് സ്റ്റഡീസ്) പുനഃസംഘടന മനഃപൂർവം വൈകിപ്പിച്ചതോടെയാണിത്. സർവകലാശാലയിൽ 72 പഠനബോർഡുകളാണുള്ളത്. രണ്ടു വർഷത്തിലൊരിക്കൽ ഇവ പുനഃസംഘടിപ്പിക്കണം. കാലതാമസം ഒഴിവാക്കാൻ കണ്ണൂർ സർവകലാശാലാ ആക്ട് പ്രകാരം 2021ൽ സിൻഡിക്കറ്റാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. സ്റ്റാറ്റ്യൂട്ട് പ്രകാരം ഗവർണർക്കാണ് പഠനബോർഡുകൾ പുനഃസംഘടിപ്പിക്കാൻ അധികാരമെന്ന് കാണിച്ച് രണ്ട് സെനറ്റംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. ആക്ടും സ്റ്റാറ്റ്യൂട്ടും പരിഗണിക്കേണ്ടി വന്നാൽ ആക്ടിനാണ് പ്രാമുഖ്യമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടത് ഗവർണറാണെന്നും നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും പിന്നീട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ബോർഡ് അംഗങ്ങളുടെ പട്ടിക സർവകലാശാല രാജ്ഭവനിലേക്ക് അയച്ചെങ്കിലും ‘നാമനിർദേശം ചെയ്യണം’ എന്ന വാചകം ഇല്ലെന്ന സാങ്കേതികത്വം പറഞ്ഞ് മടക്കി. ഇത് തിരുത്തി അയച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും നടപടിയില്ല. ബോർഡ് അംഗങ്ങളിൽ അധ്യാപകരല്ലാത്തവരുമുണ്ടെന്നാണ് ഉന്നയിക്കുന്ന മറ്റൊരു വാദം. വിഷയത്തിൽ പ്രാവീണ്യമുള്ളവരെയും ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്താമെന്ന നിബന്ധന മറച്ചുവച്ചാണ് ഈ വാദം.
ഇതോടെ സർവകലാശാല നടപടിക്രമങ്ങളിൽ വലിയ അനിശ്ചിതത്വമുണ്ടാവുന്നു. ഈ വർഷം നടക്കേണ്ട പിജി സിലബസ് പരിഷ്കരണം മുടങ്ങി. പ്രത്യേക കമ്മിറ്റി ചേർന്ന് വൈസ് ചാൻസലറുടെ അംഗീകാരം നേടിയാണ് തുല്യതാ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. ഓട്ടോമേറ്റഡ് ചോദ്യബാങ്ക് സംവിധാനവും മുടങ്ങി. ഫാക്കൽട്ടി പുനഃസംഘടന നടക്കാത്തതിനാൽ ഡീൻമാരുടെ തെരഞ്ഞെടുപ്പും നടന്നില്ല.