തിരുവനന്തപുരം
പലതിന്റെയും പേരിൽ ഇന്ത്യൻ ജനതയെ ചേരിതിരിച്ച്, ഒരുമ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് നിയമസഭ ആഹ്വാനം ചെയ്തു. ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്താൻ അവയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. സ്വാതന്ത്ര്യത്തിനുള്ള പോരാട്ടങ്ങളിൽ അണിചേരാതിരുന്ന ശക്തികളാണ് ഇത്തരം ശ്രമങ്ങൾക്കു പിന്നിൽ. വൈദേശിക ആധിപത്യം അവസാനിപ്പിക്കുന്നതിൽ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശക്തിപകർന്നത് നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ കാഴ്ചപ്പാടായിരുന്നു. ഇതിനു വിരുദ്ധമായ നീക്കങ്ങൾ രാജ്യത്താകമാനം നടക്കുന്നുവെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരം അനുസ്മരിക്കാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു.
എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന ഉജ്വലമായ ജനകീയ സമരങ്ങളാണ് നൂറ്റാണ്ടുകൾ നീണ്ട വൈദേശിക ആധിപത്യം തകർത്ത് രാജ്യത്തെ സ്വതന്ത്രമാക്കിയത്. വിവിധ പ്രദേശങ്ങളെയും അവയുടെ സമ്പന്നമായ സംസ്കാരങ്ങളെയും ഭാഷകളെയും സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ച വ്യത്യസ്ത ധാരയിൽപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളെയും മതവിശ്വാസികളെയും അല്ലാത്തവരെയുമെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു സ്വാതന്ത്ര്യപ്രസ്ഥാനം. ആദിവാസികൾ, ദളിതർ, യുവജനങ്ങൾ, വിദ്യാർഥികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയ എല്ലാവരും പങ്കാളിയായി. അത്തരം ബഹുജന പ്രക്ഷോഭങ്ങൾ മുന്നോട്ടുവച്ചതും സ്വാതന്ത്ര്യപ്രസ്ഥാനമാകെ ഉയർത്തിപ്പിടിച്ചതുമായ മൂല്യങ്ങളടങ്ങിയ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിനായി നിലകൊള്ളാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കും. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾ അനുഭവിക്കുന്ന യാതനകളിൽനിന്ന് അവർക്ക് മോചനം നേടിയെടുക്കാനുള്ള ഇടപെടലുകൾ നടത്തും–-പ്രമേയം പറഞ്ഞു.