ന്യൂഡൽഹി
പന്ത് ഇനി ഫിഫയുടെ ബൂട്ടിലാണ്. വിലക്ക് നീക്കാനുള്ള നടപടിയെന്നോണം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി കോടതി നിർദേശപ്രകാരം രൂപീകരിച്ച ഭരണസമിതി സുപ്രീംകോടതിതന്നെ പിരിച്ചുവിട്ടു.
പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുംവരെ എഐഎഫ്എഫിന്റെ ദൈനംദിന നടത്തിപ്പുചുമതല ആക്റ്റിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേഷന് കൈമാറി. 28ന് നിശ്ചയിച്ചിരുന്ന പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടി. ‘മൂന്നാം കക്ഷി’ ഇടപെടൽ ആരോപിച്ച് എഐഎഫ്എഫിന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ വഴിയൊരുക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ നിർദേശങ്ങൾ. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വന്നശേഷമാകും ഫിഫയുടെ തീരുമാനം. ഇതോടെ ഒക്ടോബറിലെ അണ്ടർ 17 വനിതാ ലോകകപ്പ് നടത്താമെന്ന പ്രതീക്ഷ വർധിച്ചു.
വിലക്ക് നീക്കാനുള്ള നടപടികളുടെ ഭാഗമായി താൽക്കാലിക ഭരണസമിതിയെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പരിഗണിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണ്ണയും അതിനാവശ്യമായ നിർദേശങ്ങൾ നൽകി.
ഫിഫ ഇന്ത്യയോട് വിവേചനമൊന്നും കാട്ടിയിട്ടില്ലെന്നും മൂന്നാംകക്ഷി ഇടപെടൽ പാടില്ലെന്നത് രാജ്യാന്തരതലത്തിൽ സ്വീകരിക്കുന്ന നിലപാടാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. വിലക്ക് തുടർന്നാൽ ഇന്ത്യക്ക് പെൺകുട്ടികളുടെ അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനാകില്ല. താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ട് പുതിയ സമിതിയെ തെരഞ്ഞെടുക്കണം. ഫിഫയുമായി കൂടിയാലോചനകൾ നടത്തിയിരുന്നു–- മെഹ്ത പറഞ്ഞു.
സംസ്ഥാന അസോസിയേഷനുകളും കേന്ദ്ര നിർദേശത്തോട് യോജിച്ചു. എഐഎഫ്എഫിൽ ഒരു പദവിയും താൽപ്പര്യപ്പെടുന്നില്ലെന്ന് പ്രഫുൽ പട്ടേലിനുവേണ്ടി കപിൽ സിബൽ അറിയിച്ചു. എന്നാൽ, ഫെഡറേഷനെ ശുദ്ധീകരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്നോട്ടുപോകരുതെന്ന് മുൻ ക്യാപ്റ്റൻ ബൈയ്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു. ഫിഫയുടെ നിർദേശങ്ങൾക്ക് വഴങ്ങിയാൽ ഫെഡറേഷനിൽ ഒരുമാറ്റവും സാധ്യമാകില്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകി.
ഏഴ് നിർദേശങ്ങൾ
1. തെരഞ്ഞെടുപ്പ് പ്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുക.
2. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പെടുന്ന ഇലക്ട്രൽ കോളേജ്.
3. ഉമേഷ് സിൻഹ, തപസ് ഭട്ടാചാര്യ എന്നിവർ വരണാധികാരികളായി തുടരും.
4. ആക്റ്റിങ് സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സമിതി ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കും.
5. താൽക്കാലിക ഭരണസമിതി തയ്യാറാക്കിയ കരട് ഭരണഘടനയുടെയും മറ്റ് നിർദേശങ്ങളുടെയും കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതിയെ സഹായിക്കുന്നതിന് അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണനും സമർ ബൻസലും അമിക്കസ് ക്യൂറിമാരാകും.
6. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഒരാഴ്ചകൂടി സാവകാശം.
7. 23 അംഗ ഭരണസമിതി. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ അടക്കം 17 പേർ തെരഞ്ഞെടുക്കപ്പെട്ടവർ. പ്രഗൽഭരായ ആറ് താരങ്ങളെക്കൂടി സമിതിയിൽ ഉൾപ്പെടുത്തുക.