കണ്ണൂർ
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ആക്രോശത്തിനു പിന്നിൽ സംഘപരിവാർ ഗൂഢാലോചനയും വിധേയത്വവും. ചരിത്രത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജൻഡയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന രാജ്യത്തെ മുൻനിര ചരിത്രപണ്ഡിതരിൽ ഒരാളാണ് ഗോപിനാഥ് രവീന്ദ്രൻ. ഇത്തരമൊരാളെ അംഗീകരിക്കാനുള്ള അസഹിഷ്ണുതയാണ് അധിക്ഷേപത്തിന് പിന്നിൽ. അതുകൊണ്ടുകൂടിയാണ് ചരിത്ര കോൺഗ്രസിന്റെ പേരിൽ വിസിയെ ക്രിമിനലെന്ന് വിളിച്ചാക്ഷേപിച്ചത്.
കാവിവൽക്കരണ കാലത്ത് യഥാർഥ ചരിത്രം ചർച്ചയാക്കാനാണ് ചരിത്ര കോൺഗ്രസ് സംഘടിപ്പിച്ചത്. അതിൽ പൗരത്വ ഭേദഗതി നിയമത്തെ ഗവർണർ വെള്ളപൂശാൻ ശ്രമിച്ചു. അതിനെതിരെ ഉയർന്ന പ്രതിഷേധം മൂന്നുവർഷം കഴിഞ്ഞിട്ടും സംഘപരിവാറിനെയും ഗവർണറെയും അലട്ടുന്നുവെന്ന്വ്യക്തം.
ഡൽഹി ജാമിയ മിലിയ സർവകലാശാലാ ചരിത്രവിഭാഗം തലവനായിരുന്ന പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ജെഎൻയുവിൽനിന്ന് ബിരുദാനന്തരബിരുദവും എംഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അക്കാദമിക് വിസിറ്റിങ് പ്രൊഫസർകൂടിയായ ഗോപിനാഥ് രവീന്ദ്രനെ രണ്ടാം യുപിഎ സർക്കാരാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലി (ഐസിഎച്ച്ആർ)ൽ മെമ്പർ സെക്രട്ടറിയാക്കിയത്. 2014ൽ അധികാരത്തിൽവന്ന ബിജെപി സർക്കാർ ചെയർമാനാക്കിയ വൈ സുദർശന റാവുവിന്റെ തീവ്ര കാവിവൽക്കരണ നടപടികളിൽ പ്രതിഷേധിച്ച് 2015ൽ അദ്ദേഹം രാജിവച്ചു. ചരിത്രവുമായി ബന്ധമില്ലാത്ത അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന എന്ന സംഘപരിവാർ പോഷക സംഘടനയുടെ നേതാവായ സുദർശൻ റാവു ചെയർമാനായ ഉടൻ “ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യൂ’വിന്റെ എഡിറ്റോറിയൽ ബോർഡും ഉപദേശകസമിതിയും പിരിച്ചുവിട്ടു. റൊമീല ഥാപ്പറും ഇർഫാൻ ഹബീബും ഉൾപ്പെടെയുള്ള ചരിത്രപണ്ഡിതരെ പുറത്താക്കി സംഘപരിവാറുകാരെ തിരുകിക്കയറ്റി. ഇതിലെല്ലാം പ്രതിഷേധിച്ച് പദവി വലിച്ചെറിഞ്ഞതാണ് വിസിയോടുള്ള സംഘപരിവാർ പകയ്ക്ക് കാരണം.
സെനറ്റ് പ്രമേയത്തിൽ മൗനം ; പ്രതിരോധത്തിലായി ഗവർണർ
ചട്ടവിരുദ്ധമായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയതോടെ പ്രതിരോധത്തിലായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. സെനറ്റിന്റെ അഭ്യർഥന നിയമപ്രകാരമാണെന്നതിനാൽ തള്ളിക്കളയാൻ ചാൻസലർക്കാകില്ല. അതേസമയം, ചാൻസലർക്കെതിരെ പ്രമേയം പാസാക്കിയതിനാൽ ധാർമികമായി സ്ഥാനത്ത് തുടരാനും അർഹതയില്ല.
ഇത്സംബന്ധിച്ച് ഗവർണർക്ക് ലഭിച്ച നിയമോപദേശവും സർവകലാശാലയ്ക്ക് അനുകൂലമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കേരള സെനറ്റ് പ്രമേയം സംബന്ധിച്ച് ഗവർണർ പ്രതികരിക്കാതിരുന്നതും മൂന്നുകൊല്ലംമുമ്പ് നടന്ന ചരിത്രകോൺഗ്രസ് എടുത്തിട്ട് ചർച്ച മാറ്റിയതും.
കേരള സർവകലാശാല സെനറ്റ് പ്രമേയത്തിൽ ഗവർണർക്കെതിരായി പരാമർശമൊന്നുമില്ല. ചട്ടപ്രകാരം പുതിയ ഉത്തരവ് ഇറക്കണമെന്ന അഭ്യർഥന മാത്രമാണുള്ളത്. ‘‘കേരളസർവകലാശാല വൈസ് ചാൻസലറെ കണ്ടെത്താനായി ആഗസ്ത് അഞ്ചിന് ചാൻസലർ കൂടിയായ ഗവർണർ ഇറക്കിയ രണ്ടംഗ സെർച്ച്കമ്മിറ്റി ഉത്തരവ് സർവകലാശാല ചട്ടവുമായി യോജിക്കുന്നതല്ല. സർവകലാശാല, ചാൻസലർ, യുജിസി പ്രതിനിധികൾ അടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത് എന്നാണ് ചട്ടം. എന്നാൽ, ഗവർണർ ഇറക്കിയ ഉത്തരവിൽ സർവകലാശാല പ്രതിനിധിയെ പിന്നീട് കൂട്ടിച്ചേർത്താൽ മതിയെന്ന് പറയുന്നു. രണ്ട്പേരെ ഉൾപ്പെടുത്തി രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് ഒരാളുടെ പേര് നിർദേശിക്കാൻ സർവകലാശാല നിയമം അനുവദിക്കുന്നില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ മര്യാദയുമല്ല. ഒക്ടോബർ 24ന് മാത്രമാണ് കേരള വിസിയുടെ കാലാവധി അവസാനിക്കുന്നതെന്നതിനാൽ തിടുക്കപ്പെട്ട് രണ്ടംഗ സെർച്ച്കമ്മിറ്റി രൂപീകരിച്ചത് ന്യായീകരിക്കാനാകില്ല. ഗവർണർ ഇറക്കിയ ഉത്തരവ് പിൻവലിച്ച് ചട്ടപ്രകാരമുള്ള പുതിയ ഉത്തരവ് ഇറക്കണമെന്ന് അഭ്യർഥിക്കുന്നു’’ –- എന്നാണ് പ്രമേയത്തിലുള്ളത്. നേരത്തെയും കേരള സർവകലാശാലയിൽ നിയമപ്രശ്നം വന്നപ്പോൾ ആദ്യ ഉത്തരവ് പിൻവലിച്ച് പുതിയത് ഇറക്കിയിട്ടുണ്ട്.