പാരിസ്
ലയണൽ മെസി–-നെയ്മർ–-കിലിയൻ എംബാപ്പെ ത്രയത്തിൽ പിഎസ്ജി കുതിക്കുന്നു. ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ മുൻ ചാമ്പ്യൻമാരായ ലില്ലെയെ 7–-1ന് തരിപ്പണമാക്കി.
എംബാപ്പെ ഹാട്രിക് നേടി. നെയ്മർ രണ്ട് ഗോളും മൂന്ന് അവസരങ്ങളും ഒരുക്കി. മെസിയാകട്ടെ ഒന്നടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. മൂന്ന് കളിയും ജയിച്ച് ഒന്നാമതാണ് ക്രിസ്റ്റഫെ ഗാൾടിയെർ പരിശീലിപ്പിക്കുന്ന പിഎസ്ജി. എതിർവലയിലേക്ക് ഇതുവരെ 17 ഗോളുകൾ തൊടുത്തു. വഴങ്ങിയത് മൂന്നെണ്ണം.
കിരീടപ്പോരിൽ വെല്ലുവിളിയായ ലില്ലെയെ നിലംതൊടീച്ചില്ല പിഎസ്ജി. എട്ടാം സെക്കൻഡിൽ എംബാപ്പെ ഗോൾവേട്ട തുടങ്ങി. ഇടവേളകളില്ലാതെ എതിർവലയിൽ പാരിസുകാർ ഗോൾവർഷിച്ചു. അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ കളത്തിൽ എത്തിയ നെയ്മറും എംബാപ്പെയും ഒത്തിണക്കത്തോടെ പന്തുതട്ടി. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നെയ്മറായിരുന്നു മിടുക്കൻ. പിഎസ്ജിയുടെ ഏഴ് ഗോളിൽ അഞ്ചിലും ബ്രസീലുകാരന്റെ കൈയൊപ്പുണ്ട്. മൂന്ന് കളിയിൽ ഏഴ് ഗോളും അഞ്ച് അവസരങ്ങളും ഇതുവരെ നേടിക്കഴിഞ്ഞു നെയ്മർ.
ശനിയാഴ്ച മൊണാക്കോയ്ക്കെതിരെയാണ് അടുത്ത മത്സരം.