ന്യൂഡൽഹി
മുൻനിര ചരിത്രകാരനും കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ഗോപിനാഥ് രവീന്ദ്രനെ ‘ക്രിമിനൽ’ എന്ന് അധിക്ഷേപിച്ച കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിക്കെതിരെ രാജ്യത്തെ പ്രമുഖ ചരിത്രപണ്ഡിതരും അക്കാദമിക് വിദഗ്ധരും രംഗത്തെത്തി. ഗവർണറുടെ വാക്കുകൾ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് പ്രൊഫ. റൊമീല ഥാപ്പർ, പ്രൊഫ. കെ എൻ പണിക്കർ, പ്രൊഫ. പ്രഭാത് പട്നായിക്, പ്രൊഫ. നീലാദ്രി ഭട്ടാചാര്യ അടക്കമുള്ള അമ്പതിൽപ്പരം ചരിത്രപണ്ഡിതരും അക്കാദമിക് ബുദ്ധിജീവികളും സംയുക്ത പ്രസ്താവനയിറക്കി.
ഗവർണർ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമർശമാണ് നടത്തിയത്. വിസിക്കെതിരായ ആക്രമണവും ഉപദ്രവവും ഗവർണർ അവസാനിപ്പിക്കണം. കേരളത്തിന്റെ കാർഷികചരിത്രത്തിലും ജനസംഖ്യാ ശാസ്ത്രപഠന ചരിത്രത്തിലും അവഗാഹമുള്ള ഡോ. ഗോപിനാഥ് ഡൽഹി ജാമിയ മിലിയ കേന്ദ്ര സർവകലാശാലയിൽ ചരിത്രവിഭാഗം തലവനായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചു. ജാമിയ മിലിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്ടിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. വൈസ് ചാൻസലർ എന്ന നിലയിൽ അദ്ദേഹം കണ്ണൂർ സർവകലാശാലയെ മികവിന്റെ ഉയരങ്ങളിലേക്ക് നയിച്ചു.
മുമ്പ് ഡോ. ഗോപിനാഥിന്റെ പുനർനിയമനത്തിനെതിരായും ഗവർണർ മാധ്യമപ്രസ്താവനകൾ നടത്തി. എന്നാൽ, നിയമനത്തിനെതിരായ റിട്ട് ഹർജി ഹൈക്കോടതി തള്ളിയെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. മുൻ വൈസ് ചാൻസലർമാരും വിവിധ സർവകലാശാലകളിലെ വകുപ്പുമേധാവിമാരും ഡീൻമാരും അടക്കമുള്ളവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.