ടോക്യോ
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും എച്ച് എസ് പ്രണോയിയും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടിൽ മുന്നേറി. ബി സായ് പ്രണീതും മാളവിക ബൻസോദും പുറത്തായി. പുരുഷ സിംഗിൾസിൽ നിലവിലെ വെങ്കല മെഡൽ ജേതാവായ ലക്ഷ്യ സെൻ ഡെൻമാർക്കിന്റെ ഹാൻസ് സോൾസ്ബർഗ് വിറ്റിൻഗസിനെ 21–-12, 21–-11ന് തോൽപ്പിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഇരുപതുകാരൻ 35 മിനിറ്റിലാണ് കളി തീർത്തത്. മലയാളിതാരം എച്ച് എസ് പ്രണോയ് ഓസ്ട്രിയയുടെ ലൂകാ റാബറെ 21–-12, 21–-11ന് കീഴടക്കി.
കിഡംബി ശ്രീകാന്ത് അയർലൻഡുകാരൻ എൻഹാറ്റ് എൻഗുഗെയ്നിനെ 22–-20, 21–-19ന് തോൽപ്പിച്ചു. 2019ലെ വെങ്കല ജേതാവായ സായ് പ്രണീതിന്റെ തോൽവി തിരിച്ചടിയായി. ലോക നാലാം റാങ്കുകാരൻ ചൈനീസ് തായ്പേയിയുടെ ചൊ ടീൻ ചെൻ 21–-15, 15–-21, 21–-15ന് പരാജയപ്പെടുത്തി. വനിതാ സിംഗിൾസിൽ മാളവിക ബൻസോദ് ആദ്യ റൗണ്ടിൽ തോറ്റു. ഡെൻമാർക്കിന്റെ ലൈൻ ക്രിസ്റ്റ്ഫേഴ്സൺ 21–-11, 21–-18നാണ് ജയിച്ചുകയറിയത്. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–-എൻ സിക്കി റെഡ്ഡി സഖ്യവും മിക്സഡ് ഡബിൾസിൽ താനിഷ ക്രസ്റ്റോ–-ഇഷാൻ ഭട്നഗർ കൂട്ടുകെട്ടും ആദ്യറൗണ്ട് ജയിച്ചു.
പുരുഷ ഡബിൾസിൽ മലയാളിതാരം എം ആർ അർജുനും ധ്രുവ് കപിലയും ആദ്യകളി ജയിച്ചു. മനു അട്രി–-സുമീത് റെഡ്ഡി സഖ്യം തോറ്റു.
വനിതകളിൽ പൂജാ ദന്ദു–-സഞ്ജന സന്തോഷ് ടീം ജയിച്ചു.