മാഡ്രിഡ്
പകരക്കാരനായെത്തിയ അൻസു ഫാറ്റി ബാഴ്സലോണയ്ക്ക് സ്പാനിഷ് ഫുട്ബോൾ ലീഗിൽ ആദ്യജയം സമ്മാനിച്ചു. റയൽ സോസിഡാഡിനെ 4–-1നാണ് തോൽപ്പിച്ചത്. രണ്ടാംപകുതിയിൽ ഫാറ്റി കളത്തിലെത്തുമ്പോൾ ഇരുടീമുകളും ഓരോ ഗോളടിച്ച് നിൽക്കുകയായിരുന്നു. 16 മിനിറ്റുകൾക്കിടെ ബാഴ്സ പിന്നീട് നേടിയത് മൂന്ന് ഗോൾ. ഒന്നടിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു ഫാറ്റി. ബാഴ്സയ്ക്കായി റോബർട്ട് ലെവൻഡോവ്സ്കി ഇരട്ടഗോൾ നേടി. ഉസ്മാൻ ഡെംബലെയും ലക്ഷ്യംകണ്ടു.
നാൽപ്പത്തേഴാംസെക്കൻഡിൽ ലെവൻഡോവ്സ്കിയിലൂടെ മുന്നിലെത്തിയ ബാഴ്സയെ അലക്സാണ്ടർ ഇസാകിലൂടെ സോസിഡാഡ് ഒപ്പംപിടിക്കുകയായിരുന്നു. ജയത്തിനിടയിലും സെവിയ്യയിൽ നിന്നെത്തിച്ച പ്രതിരോധക്കാരൻ യൂലെസ് കൗണ്ടെയെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് ബാഴ്സയ്ക്ക് തിരിച്ചടിയായി. ലീഗിലെ സാമ്പത്തികച്ചട്ടങ്ങളാണ് തടസ്സം.