ഹരാരെ
ശുഭ്മാൻ ഗില്ലിന്റെ കന്നിസെഞ്ചുറിക്ക് (97 പന്തിൽ 130) സിക്കന്ദർ റാസയിലൂടെ (95 പന്തിൽ 115) സിംബാബ്വേയുടെ മറുപടി. പക്ഷേ, കളി ജയിക്കാൻ അതുപോരായിരുന്നു. 13 റണ്ണിന് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി (3–-0).
ഗില്ലാണ് കളിയിലെയും പരമ്പരയുടേയും താരം. മൂന്ന് കളിയിൽ നേടിയത് 245 റൺ. ഇരുപത്തിരണ്ടുകാരൻ 15 ഫോറും ഒരു സിക്സറും പറത്തി. മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനൊത്ത് 140 റണ്ണിന്റെ കൂട്ടുകെട്ട്. ആറാം സെഞ്ചുറി നേടിയ സിക്കന്ദർ സിംബാബ്വെയെ വിജയത്തിന് അടുത്തെത്തിച്ചു. രണ്ട് ഓവറിൽ രണ്ട് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ 17 റൺ. പക്ഷേ, നാൽപ്പത്തൊമ്പതാം ഓവറിൽ ശാർദുൽ ഠാക്കൂറിന്റെ പന്തിൽ ഗില്ലിന്റെ തകർപ്പൻ ക്യാച്ചിൽ സിംബാബ്വെയുടെ മോഹം പൊലിഞ്ഞു. സിംബാബ്വെയുടെ മൂന്നാമത്തെ ഉയർന്ന സ്കോറുകാരനായ സിക്കന്ദർ ഒമ്പത് ഫോറും മൂന്ന് സിക്സറുമടിച്ചു. സ്കോർ: ഇന്ത്യ 8–-289, സിംബാബ്വെ 276 (49.3).
ഇന്ത്യക്കായി ഇഷാൻ കിഷൻ (50), ശിഖർ ധവാൻ (40), ക്യാപ്റ്റൻ കെ എൽ രാഹുൽ (30) എന്നിവർ തിളങ്ങി. സഞ്ജു സാംസൺ (13 പന്തിൽ 15) രണ്ട് സിക്സറടിച്ച് മടങ്ങി. സിംബാബ്വെക്കായി ബ്രാഡ് ഇവാൻ അഞ്ച് വിക്കറ്റെടുത്തു. ഇന്ത്യൻ നിരയിൽ ആവേശ്ഖാന് മൂന്ന് വിക്കറ്റുണ്ട്. ദീപക് ചഹാർ, കുൽദീപ് യാദവ്, അക്-സർ പട്ടേൽ എന്നിവർക്ക് രണ്ട് വീതം വിക്കറ്റുണ്ട്.