ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യാ കേസിൽ പല ഉന്നതരെയും കുടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് ജയിലിലടച്ച സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ച സുപ്രീംകോടതി ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ചു. വിചാരണക്കോടതി നേരത്തേ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതി കേസ് സെപ്തംബർ 19 ലേക്ക് നീട്ടി. ഇടക്കാലജാമ്യം അനുവദിക്കാതെ കേസ് മാറ്റുകയും ചെയ്തു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജഏറ്റുമുട്ടൽ കേസിൽ പ്രതികൾക്കായി ഹാജരായതിനാൽ കേസ് പരിഗണിക്കുന്നതിൽനിന്ന് താൻ മാറിനിൽക്കണോ എന്ന് ജസ്റ്റിസ് യു യു ലളിത് ആരാഞ്ഞു. അതിൽ പ്രശ്നമില്ലെന്ന് ടീസ്തയ്ക്കായി ഹാജരായ കപിൽ സിബൽ അറിയിച്ചു. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും സുധാൻശു ദുലിയയും ബെഞ്ചിലുണ്ട്. കേസ് വാദത്തിലേക്ക് കടന്നു. എഫ്ഐആറിൽ ഐപിസിയിലെ ചില നടപടിക്രമം ആവർത്തിക്കുന്നതല്ലാതെ ഒരു കണ്ടെത്തലും സിബൽ ചൂണ്ടിക്കാട്ടി. ജൂൺ 25 മുതൽ കസ്റ്റഡിയിലാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് നോട്ടീസ് അയയ്ക്കാന് നിർദേശിച്ചത്.