തിരുവനന്തപുരം
അധികാരക്കസേര ഉറപ്പിക്കാൻ ആരുമായും കൂട്ടുകൂടാൻ മടിയില്ലാത്ത ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ആദർശവാദങ്ങൾ മുഴുവൻ പൊള്ളത്തരമെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ വ്യക്തം. 26 വയസ്സിൽ എംഎൽഎ ആയെങ്കിലും ആഗ്രഹിച്ച പദവി കിട്ടാത്ത സമയത്തെല്ലാം പാർടിവിട്ട് മറുകണ്ടം ചാടി. സ്ഥാനമാനങ്ങളൊന്നും നൽകാത്തതിൽ പിണങ്ങി ബിജെപി വിടാനൊരുങ്ങവെയാണ് മോദി ഗവർണറാക്കിയത്. പ്രത്യുപകാരമായി മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി നിയമമാക്കാൻ മുഖ്യപങ്കുവഹിച്ചു. ന്യൂനപക്ഷ വിരോധിയെന്ന് ഇന്ത്യയാകെ അറിയപ്പെടുന്നതിനു പിന്നിലും ഇത്തരം അവസരവാദ രാഷ്ട്രീയമുണ്ട്. അധികാരത്തിലിരുന്നപ്പോഴെല്ലാം അഴിമതിയാരോപണവും നേരിട്ടു.
ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തിദൾ ടിക്കറ്റിൽ മത്സരിച്ച് ആദ്യം തോറ്റെങ്കിലും 1977ൽ ഉത്തർപ്രദേശ് നിയമസഭ അംഗമായി. തുടർന്നിങ്ങോട്ട് ചാട്ടങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും കാലമായിരുന്നു. മൂന്നുവർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിൽ ചേർന്നു. 1984ലും 86ലും പാർലമെന്റ് അംഗം. ഷാബാനു കേസ് മറികടക്കാൻ രാജീവ് ഗാന്ധിയുടെ കാലത്ത് നടത്തിയ നിയമനിർമാണത്തിന്റെ പേരുപറഞ്ഞ് കോൺഗ്രസ് വിട്ടു. വി പി സിങ്ങുമായി ചേർന്ന് ജനതാമോർച്ചയിലും പിന്നീട് ജനതാദളിലും നേതാവായി. ക്യാബിനറ്റ് മന്ത്രിയായി. 1998ൽ ബിഎസ്പിയിലെത്തി. 2004ൽ ബിജെപിയിലേക്ക് ചേക്കേറി. ബിജെപിയുമായി അകന്നുനിന്ന സമയത്താണ് 2014ൽ മോദി അധികാരമേറ്റത്.
ആരിഫ് മൊഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തിലെ ചാട്ടങ്ങളുടെയെല്ലാം ലക്ഷ്യം അധികാരം മാത്രമായിരുന്നു. ചില ഘട്ടങ്ങളിൽ പാളിപ്പോയി എന്നുമാത്രം. അടുത്തിടെ ഉപരാഷ്ട്രപതിയാകാൻ നടത്തിയ നീക്കവും പൊളിഞ്ഞു.