പെരുമ്പാവൂർ
പാറമട കുളത്തിൽ കുളിച്ച ദളിത് കുടുംബത്തെ പാറമട ഉടമ ആക്രമിച്ചു. മുടക്കുഴ ചുണ്ടക്കുഴി കാഞ്ഞിരക്കോട് എസ്സി കോളനിയിലെ കാഞ്ഞിരക്കോട് വീട്ടിൽ പി സി രതീഷ് (36), ഭാര്യ പി ബി ശാലു (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി 7.30ന് കുളിച്ചുകൊണ്ടിരിക്കുമ്പോൾ പാറമട ഉടമ ചുണ്ടക്കുഴി തടികുളങ്ങര വർഗീസ് വടിയുമായെത്തി ആക്രമിച്ചെന്നാണ് പരാതി. രതീഷിനെ ആക്രമിക്കുന്നത് തടയാനെത്തിയ ശാലുവിനെ മർദിച്ചശേഷം മാലയും പൊട്ടിച്ചു. കോടനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്സി കോളനിയിലെ 20 കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്ന കുളമാണിത്.
ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയവും പാറമട കുളമാണ്. സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതി പെരുമ്പാവൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ദളിത് കുടുംബത്തെ ക്രൂരമായി മർദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും എസ്സി പ്രൊമോട്ടർകൂടിയായ ശാലുവിന്റെ കൈയിൽ കടിച്ച് ആഴത്തിൽ മുറിവ് ഏൽപ്പിക്കുകയും ചെയ്ത കേസിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പെരുമ്പാവൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, മുടക്കുഴ ലോക്കൽ സെക്രട്ടറി കെ വി ബിജു എന്നിവർ ഇരുവരെയും ആശുപത്രിയിൽ സന്ദർശിച്ചു.