തൃശൂർ
അണുമുക്തമായ ഈ നീല ജലാശയത്തിൽ സൈക്കിൾ ചവിട്ടാം. ചൂടുവെള്ളത്തിൽ നീന്തിത്തുടിക്കാം. നിപ്മറിലെ അക്വാട്ടിക് തെറാപ്പിവഴി നിരവധിപേർ പുതുജീവിതത്തിലേക്ക് നീന്തിക്കയറുകയാണ്. പേശി, അസ്ഥിസംബന്ധവുമായ പ്രശ്നങ്ങളുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി അത്യാധുനിക ഹൈഡ്രോ തെറാപ്പി അഥവാ അക്വാട്ടിക് തെറാപ്പിയാണ് നിപ്മറിൽ ഒരുക്കിയിരിക്കുന്നത്. സെറിബ്രൽ പാൾസി, ഓട്ടിസം, ഹിമോഫീലിയ ഉൾപ്പെടെ പ്രശ്നമുള്ളവർക്ക് അക്വാട്ടിക് തെറാപ്പി ഗുണകരമാവുന്നുണ്ട്. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (-നിപ്മർ) ഭിന്നശേഷി പുനരധിവാസ ചികിത്സാ മേഖലയിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
രണ്ടു നില ഉയരമുള്ള കെട്ടിടത്തിൽ 2355 ചതുരശ്ര അടിയിലാണ് അക്വാട്ടിക് കോംപ്ലക്സ്. രണ്ടര കോടിയാണ് ചെലവ്. 34–- 35 ഡിഗ്രി ചൂടുള്ള വെള്ളത്തിലാണ് തൊറാപ്പി. ഇതിനായി സോളാർ സംവിധാനമുണ്ട്. താപനില ക്രമീകരിക്കാനും സംവിധാനമുണ്ട്. വെള്ളത്തിലെ പ്ലവത്വം തെറാപ്പിക്ക് അനുകൂലമാവും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതോടെ ഭാരത്തിന് വരുന്ന ലഘുത്വം തെറാപ്പി ആയാസരഹിതമാക്കും. വെള്ളത്തിന്റെ മർദം ശരീരത്തിന്റെ എല്ലാ പേശിയിലും ലഭിക്കും. അണ്ടർ വാട്ടർ സൈക്കിൾ കുളത്തിൽ ആയാസരഹിതമായി ചവിട്ടാം. ഭിന്നശേഷിക്കാരെ ഇറക്കാൻ ഹോയിസ്റ്റ് യന്ത്രസംവിധാനമുണ്ട്. നടന്നിറങ്ങാൻ കഴിയുന്നവർക്ക് പടികളുമുണ്ട്. രോഗികൾക്ക് മാത്രമാണ് പൂളിൽ പ്രവേശം. പൂളിലിറങ്ങും മുമ്പും കയറിയശേഷവും ശരീരം ശുദ്ധിയാക്കാൻ ഭിന്നശേഷി സൗഹൃദ കുളിമുറികളുണ്ട്. അക്വാട്ടിക് തെറാപ്പിയിൽ പരിശീലനവും പഠനവും നേടിയ ആറുപേർ ജീവനക്കാരുണ്ട്. രോഗികൾക്ക് അനുയോജ്യമായ തെറാപ്പിക്ക് യന്ത്രസാമഗ്രികളുമുണ്ട്. ഇതിന് ഫീസ് ഈടാക്കുന്നു. അക്വാതെറാപ്പി വഴി രക്തം കട്ടപിടിക്കൽ ഒഴിവാക്കാനാവും. മനസ്സ് ശാന്തമാക്കാനും ഇത്തരം തെറാപ്പി പ്രയോജനകരമാണ്.
ഇതിന്റെ തുടർച്ചയായി ഒക്യുപ്പേഷണൽ തെറാപ്പി സംവിധാനവും ഒരുക്കുന്നതായി നിപ്മർ എക്സ്ക്യുട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു. ജീവിതനിലവാരം വർധിപ്പിക്കുന്നതിനും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമുള്ളതാണിത്. ദിനകൃത്യങ്ങളിൽ പ്രാപ്തരാക്കുന്നതിനും ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെൻസറി ഗാർഡൻ, ആർട്ട് എബിലിറ്റി സെന്റർ, സ്പൈനൽ കോഡ് ഇൻജുറി യൂണിറ്റ് എന്നിങ്ങനെ പ്രവർത്തിക്കുന്നു. ഭിന്നശേഷി സഹായ ഉപകരണങ്ങളും നിർമിക്കുന്നു. ആരോഗ്യ സർവകലാശാലയുടെ അനുമതിയോടെ വിവിധകോഴ്സുകളും നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.