തിരുവനന്തപുരം
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണെന്ന് ഡിവൈഎഫ്ഐ. കണ്ണൂർ സർവകലാശാലയുടെ സുതാര്യമായ സ്വയം ഭരണത്തെയും സിൻഡിക്കറ്റിനെയും വെല്ലുവിളിച്ച് ഗവർണർ ഏകാധിപത്യ സ്വഭാവം കാണിക്കുകയാണ്. കണ്ണൂർ വിസി ക്രിമിനൽ ആണെന്നാണ് ഏറ്റവുമൊടുവിൽ ഗവർണറുടെ പരാമർശം. കേന്ദ്ര സർവകലാശാലകളിൽ ബിജെപി- –-സംഘപരിവാർ അജൻഡ നടപ്പാക്കുംപോലെ കേരളത്തിലും ഇടപെട്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കാനാണ് ശ്രമം.
ജീവിതത്തിലുടനീളം പല രാഷ്ട്രീയ പാർടികളിൽ പ്രവർത്തിച്ച കരിയർ രാഷ്ട്രീയക്കാരനായി ബിജെപി പാളയത്തിലെത്തിയ ഗവർണർ അവരുടെ അജൻഡകൾ നടത്തിക്കൊടുക്കാൻ പരിശ്രമിക്കുകയാണ്. കേരളത്തിലെ സർവകലാശാലകളെ ആർഎസ്എസ് നിയന്ത്രണത്തിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ. കേരളത്തിലെ ജനാധിപത്യ സർക്കാരിനെയും സർവകലാശാലകളെയും തകർക്കാനാണ് ശ്രമമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.