തിരുവനന്തപുരം> സീമകളെല്ലാം ലംഘിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സഞ്ചരിക്കുന്നത് വ്യക്തിഹത്യയുടെ പാതയിൽ. മുമ്പെങ്ങുമില്ലാത്തവിധത്തിൽ സംഘപരിവാർ നിലപാടുകളുടെ വക്താവാകാൻ ഗവർണർ തന്റെ പദവി നിരന്തരം ദുരുപയോഗപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി ബിൽ പ്രക്ഷോഭവേളയിൽ ജനമധ്യത്തിൽ നിന്നുയർന്ന പ്രതിഷേധത്തിനു പിന്നിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറാണെന്ന ആരോപണത്തിലൂടെ ആരിഫ് മൊഹമ്മദ് ഖാൻ വീണ്ടും തന്റെ രാഷ്ട്രീയം വെളിപ്പെടുത്തുകയാണ്.
2014ൽ അധികാരത്തിൽ എത്തിയതിനു പിന്നാലെ നരേന്ദ്ര മോദി കേരളത്തെ ലക്ഷ്യംവച്ചു തുടങ്ങി. ഗവർണർ ഷീല ദീക്ഷിതിനെ ആഗസ്ത് 26നു തൽസ്ഥാനത്തുനിന്ന് മാറ്റി. പകരം നിയോഗിച്ചത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച പി സദാശിവത്തെ. എന്നാൽ, ബിജെപിയുടെ കളിപ്പാവയാകാൻ അദ്ദേഹത്തിന്റെ നൈതികത അനുവദിച്ചില്ല. 2019ൽ അദ്ദേഹത്തെ തിരികെ വിളിച്ച് ആരിഫ് മൊഹമ്മദ്ഖാനെ അവരോധിച്ചു. സ്ഥാനമാനങ്ങൾക്കായി പാർടികൾ കയറിയിറങ്ങിയ ആരിഫ് മൊഹമ്മദ്ഖാൻ ബിജെപി, ആർഎസ്എസ് നേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പെരുമാറാൻ തുടങ്ങി. സർക്കാരിനെതിരായ ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റാൻ അദ്ദേഹം തന്റെ സ്റ്റാഫിൽ നിയമിച്ചത് ആർഎസ്എസുകാരെയായിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനത്തും ഗവർണർമാരെ ഉപയോഗിച്ച് ഫെഡറലിസത്തെ തകർക്കാൻ ബിജെപി കഴിഞ്ഞ എട്ടു വർഷത്തിനിടെ നടത്തിയ ശ്രമമെല്ലാം തകർന്നതാണ് ചരിത്രം. ഡൽഹിയിൽ സർക്കാർ തീരുമാനങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൾ അനാവശ്യമായി ഇടപെടാൻ തുടങ്ങിയതോടെ തർക്കം കോടതി കയറിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശപ്രകാരമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ എന്നായിരുന്നു ഒടുവിൽ കോടതി വ്യക്തമാക്കിയത്.
പുതുച്ചേരിയിൽ ഗവർണറായിരുന്ന കിരൺ ബേദിയും ഈ പാതയിൽ സഞ്ചരിച്ചിരുന്നു. കേന്ദ്രം നൽകിയ അധികാരങ്ങൾ റദ്ദാക്കിയ കോടതി മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാനാണ് ഗവർണർക്ക് നൽകിയ നിർദേശം. പശ്ചിമബംഗാൾ സർക്കാരിനെതിരെ പോര് കടുപ്പിച്ച ഗവർണർ ജഗ്ദീപ് ധൻഖർ ഇപ്പോൾ ഉപരാഷ്ട്രപതിയാണ്. അരുണാചൽ പ്രദേശിൽ ഗവർണറുടെ ഇടപെടലുകളിൽ ‘മുഖ്യമന്ത്രിയുടെ അധികാരം സ്വയം ഏറ്റെടുക്കാൻ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു’ കോടതിയുടെ പരാമർശം.