പാലക്കാട്
സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം എസ് ഷാജഹാന്റെ കൊലപാതകത്തിൽ അന്വേഷണം ബിജെപി നേതാക്കളിലേക്ക്. മരുതറോഡ്, മലമ്പുഴ പഞ്ചായത്തുകളിലായി അഞ്ച് പ്രാദേശിക നേതാക്കളെ ഇതിനകം ചോദ്യംചെയ്തു.
അറസ്റ്റിലായ പ്രതികളിൽ ചിലരുടെ ഫോണുകളിൽനിന്ന് കൊലപാതകത്തിന് മുമ്പും ശേഷവും ബിജെപിയുടെ ജില്ലാ നേതാവിനെ ഉൾപ്പെടെ വിളിച്ചതായി സൂചനയുണ്ട്. പ്രതികളായ ആർഎസ്എസുകാരെ സഹായിച്ചതിനും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും വരുംദിവസങ്ങളിൽ ബിജെപി നേതാക്കളുടെ അറസ്റ്റുണ്ടായേക്കും.
ബിജെപിയുമായി നേരിട്ട് ബന്ധമുള്ളവർ പ്രതികളായതോടെ നേതൃത്വം പ്രതിരോധത്തിലായി. പ്രതികളെ തുടക്കംമുതൽ സിപിഐ എം പ്രവർത്തകരായി ചിത്രീകരിക്കാൻ ശ്രമിച്ചവർക്ക് വലിയ തിരിച്ചടിയാണിത്. അറസ്റ്റിലായ പ്രതികൾക്ക് രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടിക്കൊടുത്തത് കൊട്ടേക്കാട് കാളിപ്പാറയിലെ പ്രാദേശിക ബിജെപി നേതാവാണെന്ന് പറയുന്നു.
ഇവർക്കുള്ള പിന്തുണയും നേതാവ് വാഗ്ദാനം ചെയ്തതായാണ് വിവരം. ഷാജഹാനെ വധിക്കാൻ ആയുധം നൽകിയതിന് ശനിയാഴ്ച അറസ്റ്റിലായ കല്ലേപ്പുള്ളി കുറുപ്പത്ത് വീട്ടിൽ ആവാസ്, 2016 വരെ ആർഎസ്എസിന്റെ കല്ലേപ്പുള്ളി ശാഖാ മുഖ്യശിക്ഷക് ആയിരുന്നു. പിന്നീട് ആർഎസ്എസ് നിർദേശപ്രകാരം നിശ്ശബ്ദ പ്രചാരകനായി പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് അറസ്റ്റിലായ മലമ്പുഴ സ്വദേശി ജിനീഷ് (വലിയ ഉണ്ണി) ബിജെപിയുടെ ചേമ്പന ബൂത്ത് പ്രസിഡന്റാണ്. അറസ്റ്റിലായ കുന്നംകാട് സ്വദേശികളായ സിദ്ധാർഥനും ബിജുവും സജീവ ആർഎസ്എസ് പ്രവർത്തകരാണ്.