കണ്ണൂർ
കണ്ണൂർ സർവകലാശാല വിസി ഡോ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്ന് വിളിക്കാൻ ഗവർണർ ഇപ്പോൾ പൊടിതട്ടി കൊണ്ടുവരുന്നത് 2019ൽ നടന്ന ഒരു സാധാരണ സംഭവം. 2019 ഡിസംബർ 28ന് കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ചരിത്ര കോൺഗ്രസ് ഉദ്ഘാടനവേദിയിൽ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വിവാദപ്രസംഗം നടത്തി. ജനാധിപത്യ–-ന്യൂനപക്ഷവിരുദ്ധമായ നിയമത്തെ ഗവർണർ ന്യായീകരിച്ചതോടെ ഇർഫാൻ ഹബീബ് അടക്കമുള്ള ചരിത്രകാരന്മാരും വിദ്യാർഥികളും പ്രതിനിധികളും പ്രതിഷേധിച്ചു. ചിലർ മുദ്രാവാക്യവും മുഴക്കി. ഈ സംഭവത്തെയാണ് തനിക്കെതിരെയുള്ള കൈയേറ്റമായി ഗവർണർ ആക്ഷേിക്കുന്നത്.
ആ സംഭവം മാധ്യമങ്ങളാകെ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്. സംഭവത്തെ ക്കുറിച്ച് 2019ൽ തന്നെ സർവകലാശാല രാജ്ഭവന് റിപ്പോർട്ട് നൽകിയിരുന്നു. വേദിയിൽ സംഘർഷമോ കെെയേറ്റമോ ഉണ്ടായിട്ടില്ലെന്ന് അതിൽ വ്യക്തമാക്കിയിരുന്നു.
കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറാവുന്നതിന് മുമ്പ് ഡൽഹി ജാമിയ മിലിയ സർവകലാശാല ചരിത്രവിഭാഗം തലവനായിരുന്നു ഗോപിനാഥ് രവീന്ദ്രൻ . ജെഎൻയുവിൽ നിന്ന് പിജിയും എംഫിലും പിഎച്ച്ഡിയും പൂർത്തിയാക്കിയ ഇദ്ദേഹം രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് അക്കാദമിക് വിസിറ്റിങ് പ്രഫസർ കൂടിയാണിദ്ദേഹം.