കോഴിക്കോട്
പ്രതിസന്ധിക്കിടയിലും ഓണസമ്മാനമായി 600 പുതിയ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. കോവിഡ് കാലത്ത് നിർത്തിയതടക്കം സെപ്തംബർ ആദ്യവാരം ഓടിത്തുടങ്ങും. 20 ലക്ഷംപേരാണ് കെഎസ്ആർടിസിയെ ദിവസേന ആശ്രയിക്കുന്നത്. ഓണക്കാലത്ത് ഇത് 25 ലക്ഷമാകും. വരുമാനം വർധിപ്പിച്ചു മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെത്തുടർന്നാണ് സർവീസ് പുനരാരംഭിക്കുന്നത്.
പുതിയ സർവീസിൽ കൂടുതലും ഓർഡിനറിയാണ്. പലയിടത്തും സ്വകാര്യ ബസ് ഓടാത്ത സാഹചര്യത്തിൽ രാത്രികാല സർവീസും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉൾപ്പെടുന്ന സൗത്ത് സോണിലാണ് കെഎസ്ആർടിസിക്ക് യാത്രക്കാർ ഏറെയുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ സോണിനാണ് രണ്ടാംസ്ഥാനം. സൗത്ത് സോണിൽ 1550ഉം സെൻട്രലിൽ 1450ഉം മലബാർ സോണിൽ 900 ബസുമാണ് ഓടുന്നത്. ദിവസവും ശരാശരി ആറരക്കോടിയാണ് വരുമാനം. പുതിയ സർവീസുകൾകൂടി വരുന്നതോടെ ഏഴു കോടി കവിയും. ഈവർഷം അവസാനം 700 പുതിയ ബസ് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടി നിരത്തിലിറങ്ങുന്നതോടെ എട്ടുകോടി പ്രതിദിന വരുമാനമെന്ന ലക്ഷ്യം കൈവരിക്കാനാകും.