പാലക്കാട്
സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയതിൽ അന്വേഷണം ആർഎസ്എസ്, ബിജെപി നേതാക്കളിലേക്ക് എത്തുമെന്ന് മനസ്സിലായതോടെ കോടതിയിൽ പരാതി നൽകി പൊലീസിനെ സമ്മർദത്തിലാക്കാൻ നീക്കം. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്താൽ കൊലപാതക ഗൂഢാലോചന പുറത്താകുമെന്ന ഭയമാണ് അസാധാരണ നീക്കത്തിന് ബിജെപി–- ആർഎസ്എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. കൊലക്കേസിൽ അറസ്റ്റിലായ എട്ടുപേരെയും ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ആയുധം എത്തിച്ചു നൽകിയയാളും ഇക്കൂട്ടത്തിലുണ്ട്. കൊലപാതകത്തിലെ ആസൂത്രകരായ ആർഎസ്എസ് മുഖ്യ ശിക്ഷക് ആവാസ്, എബിവിപി പ്രവർത്തകൻ ജയരാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിലെ ബിജെപി സ്ഥാനാർഥിയായ സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരാണ് ആവാസും ജയരാജും. കൊലപാതകത്തിലെ മുഖ്യ ആസൂത്രകരായ ബിജെപി–- ആർഎസ്എസ് നേതാക്കളുടെ പേരുകൾ ഇവർക്കറിയാം. അത് പുറത്താകുന്നത് തടയാൻ ഇവരെ ചോദ്യംചെയ്യുന്നത് ഒഴിവാക്കണം. അതോടൊപ്പം ഇനി മറ്റ് നേതാക്കളെ കസ്റ്റഡിയിൽ എടുക്കാതിരിക്കാനുള്ള തന്ത്രവുമാണ് കോടതിയെ സമീപിച്ചതിന് പിന്നിൽ.
കൊലപാതകത്തിനുശേഷം കുറ്റം സിപിഐ എമ്മിനുമേൽ ചാരാൻ നടത്തിയ ശ്രമങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ തന്ത്രവുമായി ബിജെപി രംഗത്തിറങ്ങിയത്. ശനിയാഴ്ചതന്നെ പാലക്കാട് സൗത്ത്, നോർത്ത് സ്റ്റേഷനുകളിലും ഡിവൈഎസ്പി ഓഫീസിലും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.