കൊച്ചി
പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ പ്രിന്റുകളും അവയുടെ ലിങ്കും ടെലിഗ്രാമിലടക്കം പ്രചരിപ്പിക്കുന്നതിന് പണമിറക്കാൻ ഓൺലൈൻ വാതുവയ്പ് വെബ്സൈറ്റുകൾ. തങ്ങളുടെ പരസ്യം സിനിമയിലൂടെ പ്രചരിപ്പിക്കാൻ വ്യാജപതിപ്പുകൾ ഇറക്കുന്നവർക്ക് ക്രിപ്റ്റോ കറൻസിയിൽ പ്രതിഫലം നൽകിയാണ് ഇത്തരം വെബ്സൈറ്റുകളുടെ പ്രവർത്തനം. ടെലിഗ്രാമിലും പൈറസി വെബ്സൈറ്റുകളിലും വെബ്സൈറ്റുകളുടെ വ്യൂഹമായ ടൊറന്റിലുമാണ് ‘വ്യാജൻ’ തകർത്തോടുന്നത്.
വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന രാജ്ബെറ്റ്, വൺ എക്സ് ബെറ്റ് തുടങ്ങിയ വെബ്സൈറ്റുകളാണ് പ്രധാനമായും പണമിറക്കുന്നത്. ഇവയുടെ പരസ്യവും ലോഗോയും വാട്ടർമാർക്കുമായാണ് മിക്ക വ്യാജ പതിപ്പുകളും ഇറങ്ങുന്നതെന്ന് ആന്റി പൈറസി സർവീസായ ഒബ്സ്ക്യുറയുടെ പ്രവർത്തകർ പറയുന്നു.
തമിൾ ബ്ലാസ്റ്റേഴ്സ്, വൺ തമിൾ എംവി തുടങ്ങിയ വെസ്സൈറ്റുകളിലാണ് സിനിമകൾ പ്രധാനമായും അപ്ലോഡ് ചെയ്യുന്നത്. ദിവസം എട്ടുലക്ഷത്തോളം സന്ദർശകരാണ് ഇവയ്ക്കുള്ളത്. ഇതിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന പ്രിന്റുകളും അവയുടെ ലിങ്കുമാണ് ടെലിഗ്രാമിൽ എത്തുന്നത്.
അടുത്തിടെ തിയറ്ററിൽ റിലീസായ ന്നാ താൻ കേസ് കൊട്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലും പ്രചരിച്ചത് റിലീസ് ചെയ്ത് 24 മണിക്കൂറിനകമാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത മൈക്കിന്റെ വ്യാജ പതിപ്പും മണിക്കൂറുകൾക്കകം പൈറസി വെബ്സൈറ്റുകളിൽ എത്തി.
ടെലിഗ്രാമിൽ പ്രചരിക്കുന്ന ലിങ്കുകൾ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെ നീക്കം ചെയ്യുന്നത് സിനിമാമേഖലയിൽ പതിവായിരിക്കുകയാണ്. സിനിമയുടെ പ്രചാരണത്തിനൊപ്പം ഇതിനും നിർമാതാക്കൾ പണം മാറ്റിവയ്ക്കുന്നു. രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ ഇതിന് ചെലവുണ്ട്. രണ്ട് ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെയാണ് ‘തല്ലുമാല’യുടെ വ്യാജ പതിപ്പിന്റെ ലിങ്കുകൾ നീക്കം ചെയ്യുന്നതെന്ന് നിർമാതാവ് ആഷിഖ് ഉസ്മാൻ പറഞ്ഞു. വ്യാജ പതിപ്പുകളുടെ ലിങ്കുകൾ പ്രചരിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ടെലിഗ്രാമിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെടണമെന്ന് കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി സുരേഷ്കുമാർ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഫിലിം ചേംബർ.