കൊച്ചി
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വീണ്ടും അഭിമാനകരമായ നേട്ടം കൈവരിച്ച് എറണാകുളം ജനറൽ ആശുപത്രി. ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാണ് എറണാകുളം ജനറൽ ആശുപത്രി ചരിത്രനേട്ടം കുറിച്ചത്. ശസ്ത്രക്രിയയിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
അയോർട്ടിക് വാൽവ് ചുരുങ്ങിയതുമൂലം ഹൃദയാഘാതമുണ്ടായ പെരുമ്പാവൂർ സ്വദേശിയായ അറുപത്തൊമ്പതുകാരനാണ് ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജില്ലാ ആശുപത്രിയിൽ ഇത്രയും നൂതന ചികിത്സാരീതി അവലംബിക്കുന്നത്. ശ്രീചിത്ര ഉൾപ്പെടെ അപൂർവം സർക്കാർ ആശുപത്രികളിൽമാത്രമാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (ടിഎവിആർ) എന്നറിയപ്പെടുന്ന ചികിത്സ ലഭ്യമായിരുന്നുള്ളൂ. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലിൽ ഉണ്ടാക്കുന്ന വളരെ ചെറിയ മുറിവിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവയ്ക്കുന്നത്. രോഗിയെ പൂർണമായും മയക്കാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്.
രണ്ടുദിവസത്തിനകം രോഗിയെ ഡിസ്ചാർജ് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. കാർഡിയോളജി വിഭാഗത്തിലെ ഡോ. ആശിഷ് കുമാർ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്, ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജോർജ് വാളൂരാൻ, കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോൾ, ഡോ. ദിവ്യ ഗോപിനാഥ് എന്നിവർ നയിച്ച ശസ്ത്രക്രിയയിൽ ഡോ. സ്റ്റാൻലി ജോർജ്, ഡോ. ബിജുമോൻ, ഡോ. ഗോപകുമാർ, ഡോ. ശ്രീജിത് എന്നിവരും പങ്കെടുത്തു.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ രാജ്യത്ത് ആദ്യമായി നടത്തിയ ജില്ലാ ആശുപത്രിയും എറണാകുളം ജനറൽ ആശുപത്രിയാണ്. ഇവിടെ ഇതുവരെ ഇരുപതിനായിരത്തോളം രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ചികിത്സകൾ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതികളിലൂടെ സൗജന്യമായി നൽകിയിട്ടുണ്ട്.