ലണ്ടൻ
ഹാരി കെയ്നിന്റെ ഒറ്റഗോളിൽ വൂൾവറാംപ്ടൺ വാണ്ടറേഴ്സിനെ കീഴടക്കി ടോട്ടനം ഹോട്സ്പർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന്റെ രണ്ടാംജയമാണിത്. ക്ലബ്ബിനായി കെയ്ൻ 250 ഗോളും പൂർത്തിയാക്കി. ലീഗിൽ ഒരു ടീമിനായി ഏറ്റവും കൂടുതൽ ലക്ഷ്യം കാണുന്ന താരമെന്ന റെക്കോഡും ഇംഗ്ലീഷ് ക്യാപ്റ്റൻ സ്വന്തമാക്കി. 185 ഗോളാണ് കെയ്നിന്. മാഞ്ചസ്റ്റർ സിറ്റിക്കായി സെർജിയോ അഗ്വേറോ കുറിച്ച 184 ഗോളിന്റെ നേട്ടമാണ് മറികടന്നത്.
വൂൾവ്സിനെതിരെ കടുത്ത പോരാട്ടം നേരിട്ടു ടോട്ടനം. രണ്ടാംപകുതി ഇവാൻ പെരിസിച്ച് ഒരുക്കിയ പന്തിലാണ് കെയ്ൻ ലക്ഷ്യം കണ്ടത്. മറ്റ് മത്സരങ്ങളിൽ സതാംപ്ടൺ ലെസ്റ്റർ സിറ്റിയെ 2–1ന് തോൽപ്പിച്ചു. ആസ്റ്റൺ വില്ല ക്രിസ്റ്റൽ പാലസിനോട് വീണു (1–3). ബ്രെന്റ്ഫോർഡിനെ ഫുൾഹാം 3–2ന് മറികടന്നപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റും എവർട്ടണും ഓരോ ഗോളടിച്ച് പിരിഞ്ഞു.