ഷിംല
ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെതുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലും ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 22 മരണം. 5 പേരെ കാണാതായി. നിരവധി പേർ തുരുത്തുകളില്‍ കുടുങ്ങി. നിരവധി വീടുകൾ തകർന്നു. നൂറോളം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. മാണ്ഡി, കാൻഗ്ര, ചമ്പ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. മാണ്ഡിയില്‍ മാത്രം 13 മരണം.
കാൻഗ്ര ജില്ലയിലെ 800 മീറ്റർ നീളമുള്ള 94 വർഷം പഴക്കമുള്ള ചക്കി റെയിൽവേ പാലം തകർന്നു.1928-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിന്റെ രണ്ട് തൂണ് ഒലിച്ചുപോയി. ഇതോടെ ജോഗീന്ദർനഗറിനും പത്താൻകോട്ടിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം നിർത്തി. ഹമീർപുർ ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ കുടുങ്ങിയ 22 പേരെ രക്ഷപ്പെടുത്തി.
ഉത്തരാഖണ്ഡിൽ
നാല് മരണം
ശനിയാഴ്ച ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാലു മരണം.10 പേരെ കാണാതായി. നിരവധി വീടുകൾ തകർന്നു. പൗരി ജില്ലയിലെ 13 ഗ്രാമത്തിൽ വെള്ളപ്പൊക്കം രൂക്ഷം. ഡെറാഡൂണിലെ പ്രശസ്തമായ തപ്കേശ്വര്‍ ക്ഷേത്രത്തിലെ ഗുഹകളിൽ വെള്ളം കയറി. താനോയ്ക്ക് സമീപം സോങ് നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി.
●ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ കനത്ത മഴയില്‍ മൺവീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. നിരവധി വീടുകൾ തകര്‍ന്നു.
●ഒഡിഷയിൽ ന്യൂനമർദത്തെ തുടർന്ന് കനത്ത മഴയിൽ വിവിധ സ്ഥലങ്ങളിൽ വീട് തകര്‍ന്ന് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് മരണം. 500 ഗ്രാമത്തിലായി 4 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു.
● ന്യൂനമർദ്ദത്തെ തുടർന്ന് മധ്യപ്രദേശ്,ജാർഖണ്ഡ്,ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു.