കൊൽക്കത്ത
ഇന്ത്യയെ 1956 മെൽബൺ ഒളിമ്പിക്സ് ഫുട്ബോളിൽ നാലാംസ്ഥാനത്തേക്ക് നയിച്ച ക്യാപ്റ്റൻ സമർ ബാനർജി വിടവാങ്ങി. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കോവിഡും ബാധിച്ചിരുന്നു.
‘ബദ്രു ദാ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട സമർ 1930ൽ ബംഗാളിലെ ഹൗറയിലാണ് ജനിച്ചത്. കുട്ടിക്കാലംമുതൽക്കേ ഫുട്ബോളിനോട് കമ്പമായി. മിലാൻ സമിതി, ബല്ലി പ്രൊവിറ്റ എന്നീ ക്ലബ്ബുകൾക്കായി കളിച്ചുതുടങ്ങി. പിന്നീട് ബംഗാൾ–-നാഗ്പുർ റെയിൽവേ ടീമിൽ. ഇരുപത്തിരണ്ടാം വയസ്സിൽ കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാനിൽ എത്തിയതോടെയാണ് ഈ മുന്നേറ്റക്കാരൻ ശ്രദ്ധിക്കപ്പെട്ടത്.
പഠിക്കാൻ മിടുക്കനായ സമർ ഇതിനിടെ മൂന്നു വർഷംകൊണ്ട് മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു. ബഗാനൊപ്പം ഐഎഫ്എ ഷീൽഡ്, ഡ്യുറന്റ് കപ്പ്, റോവേഴ്സ് കപ്പ്, കൽക്കത്ത ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ ചാമ്പ്യൻമാരായി. ബംഗാളിനൊപ്പം രണ്ടുതവണ സന്തോഷ് ട്രോഫിയും (1953, 1955) സ്വന്തമാക്കി.
1954ലാണ് ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. വിഖ്യാത പരിശീലകൻ സയ്ദ് അബ്ദുൾ റഹീമിനുകീഴിൽ തിളങ്ങിയ സമർ 1956 ഒളിമ്പിക്സിൽ ക്യാപ്റ്റനുമായി. സെമി ഫൈനലിൽ യൂഗോസ്ലോവിയയോട് തോറ്റ ടീം മൂന്നാംസ്ഥാനത്തിനായുള്ള പോരിൽ ബൾഗേറിയയോടും വീണു. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടമായി മെൽബണിലെ നാലാംസ്ഥാനം. മുപ്പതാംവയസ്സിൽ കളി മതിയാക്കിയ സമർ പിന്നീട് പരിശീലകവേഷമണിഞ്ഞു. 1961ൽ ബംഗാളിനെ സന്തോഷ് ട്രോഫി ജേതാക്കളാക്കി.