മംഗളൂരു
കർണാടകത്തിലെ ക്യാമ്പസിൽ ഹിജാബ് നിരോധനം നടപ്പാക്കിയതോടെ മംഗളൂരു സർവകലാശാലയുടെ കോളേജുകളിൽനിന്ന് മുസ്ലിം വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്ക്.
16 ശതമാനം മുസ്ലിം വിദ്യാർഥിനികൾ സർക്കാർ, എയ്ഡഡ് കോളേജുകൾ ഉപേക്ഷിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ബിരുദ വിദ്യാർഥിനികൾ വ്യാപകമായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കൈപ്പറ്റി വിട്ടുപോയിട്ടുണ്ടെന്ന് വൈസ് ചാൻസലർ പ്രൊഫ. പി എസ് എടപതിത്തായ പറഞ്ഞു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കോളേജുകളിൽ നിന്നായി 2020–22 അധ്യയനവർഷത്തിൽ പ്രവേശനം നേടിയ 900 വിദ്യാർഥികളിൽ 145 പേർ വിട്ടുപോയി. സർക്കാർ കോളേജുകളിൽനിന്നാണ് കൂടുതൽ വിദ്യാർഥിനികൾ പോയത്. ഇവർ സ്വകാര്യ കോളേജുകളിൽ പ്രവേശനം തേടുകയാണ്.
നിരോധനത്തിനുശേഷം ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളേജുകൾ സസ്പെൻഡ് ചെയ്തിരുന്നു. ഉഡുപ്പിയിലെ സർക്കാർ പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രിൻസിപ്പൽ പുറത്താക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. സംഘരിവാറുകാർ കാവിഷാളും തലപ്പാവും ധരിച്ചെത്തി പലയിടത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതിനുപിന്നാലെ, കോളേജുകളിൽ ഹിജാബ് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. അത് ശരിവച്ചുകൊണ്ട് കർണാടക ഹൈക്കോടതി യൂണിഫോം നിർബന്ധമുള്ള ക്യാമ്പസുകളിൽ മതചിഹ്നങ്ങൾ നിരോധിച്ചു. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് വിദ്യാർഥിനികൾ.