ന്യൂഡൽഹി
മദ്യനയത്തിൽ അഴിമതി ആരോപിച്ച് കേസെടുത്ത സിബിഐ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എഫ്ഐആറിൽ ഉൾപ്പെട്ട ചിലർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ ശനിയാഴ്ച നോട്ടീസ് നൽകി. എക്സെെസ് വകുപ്പ് കെെകാര്യം ചെയ്യുന്ന സിസോദിയയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തേക്കും.
വെള്ളിയാഴ്ച സിസോദിയയുടെ വീട്ടിൽ 14 മണിക്കൂർനീണ്ട പരിശോധന സിബിഐ നടത്തി. മൊബൈൽ ഫോണും ചില രേഖകളും സിബിഐ കൊണ്ടുപോയെന്ന് സിസോദിയ പറഞ്ഞു. അതിനിടെ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗുജറാത്തിൽ അരവിന്ദ് കെജ്രിവാളും സിസോദിയയും സന്ദർശനം നടത്തുമെന്ന് ആം ആദ്മി പാർടി അറിയിച്ചു.
എഫ്ഐആറിൽ ഉൾപ്പെട്ട മലയാളിയായ വിജയ് നായർ ഒളിവിലാണെന്ന ആരോപണം നിഷേധിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മലയാളി അരുൺ രാമചന്ദ്രൻപിള്ളയുടെ പേരും കേസിലുണ്ട്.
നീക്കം കെജ്രിവാളിന്റെ ചിറകരിയാൻ
സ്വകാര്യ വ്യാപാരികൾക്ക് ഗുണമുണ്ടാകുന്ന തരത്തിൽ മദ്യനയം നടപ്പാക്കിയെന്ന ആരോപണം പ്രത്യക്ഷത്തിൽ മനീഷ് സിസോദിയയെ ലക്ഷ്യമിട്ടാണെങ്കിലും ബിജെപിയുടെ ലക്ഷ്യം അരവിന്ദ് കെജ്രിവാൾ തന്നെ. ഉടൻ നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടി എതിരാളിയാകുമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ബിജെപി നീക്കം ശക്തമാക്കിയത്. ഹിമാചലിൽ നിലവിലെ ബിജെപി മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനെ മാറ്റി പകരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ ബിജെപി അവരോധിക്കുമെന്ന് ഏപ്രിലിൽ സിസോദിയ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ, ഹിമാചലിൽ തർക്കങ്ങൾ ഉടലെടുത്തതോടെ അത്തരം തീരുമാനമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് പ്രഖ്യാപിക്കേണ്ടിവന്നിരുന്നു. അതിനുശേഷം നിലവിലെ സിബിഐ റെയ്ഡ് അടക്കം വിഷയങ്ങളിൽ സിസോദിയക്കെതിരായ പ്രതികരണങ്ങൾക്ക് അനുരാഗ് ഠാക്കൂറിനെ ബിജെപി രംഗത്തിറക്കുകയും ചെയ്തു. ഹിമാചലിൽ 68 മണ്ഡലത്തിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാർടി സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
ഗുജറാത്തിൽ കോൺഗ്രസ് വോട്ടുകൾ നേടുന്നതിനൊപ്പം തങ്ങൾക്കെതിരായ വോട്ടുകൾ എഎപി സമാഹരിക്കുമെന്ന ഭയവും ബിജെപിക്കുണ്ട്. ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിലും തിരിച്ചടി ഭയക്കുന്ന ബിജെപിക്ക് എഎപിക്കെതിരായ അഴിമതിക്കേസ് പിടിവള്ളിയാകുമെന്നാണ് പ്രതീക്ഷ.
അപകീർത്തിക്കേസ് : കെജ്രിവാളിനെയും സിസോദിയയെയും വെറുതെവിട്ടു
2013ലെ അപകീർത്തിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആംആദ്മി മുൻ നേതാവ് യോഗേന്ദർയാദവ് എന്നിവരെ വെറുതെവിട്ടു. ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ നേതാക്കൾ സമീപിച്ചെങ്കിലും പിന്നീട് പാർടിയിൽനിന്ന് ഒഴിവാക്കിയെന്നും അത് അപകീർത്തിപ്പെടുത്തലാണെന്നുമായിരുന്നു അഡ്വ. സുരേന്ദ്രകുമാറിന്റെ പരാതി. റൂസ്അവന്യുകോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ടാണ് മൂവരെയും വെറുതെവിട്ടത്.