തിരുവനന്തപുരം
പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ രണ്ടംഗ സെർച്ച് കമ്മിറ്റിയെ തീരുമാനിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഗവർണറോട് കേരള സർവകലാശാല സെനറ്റ് യോഗം ആവശ്യപ്പെട്ടു. യുജിസി നിയമപ്രകാരം സർവകലാശാല, യുജിസി, ഗവർണർ പ്രതിനിധികൾ അടങ്ങുന്ന മൂന്നംഗ സെർച്ച് കമ്മിറ്റിയെയാണ് നിശ്ചയിക്കേണ്ടത്. ഇതിന് വിരുദ്ധമായി സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെ യുജിസി, ഗവർണർ പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി രണ്ടംഗ സെർച്ച് കമ്മിറ്റിയെ നിശ്ചയിച്ച് ഗവർണർ ഉത്തരവ് ഇറക്കുകയായിരുന്നു. ഒക്ടോബർ 25വരെ നിലവിലെ വിസിക്ക് കാലാവധി ഉണ്ടെന്നിരിക്കെ തിടുക്കപ്പെട്ട് സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെയുള്ള ഉത്തരവ് നിയമവിരുദ്ധമാണ്. ഇത് ഉടൻ പിൻവലിക്കണം–- സെനറ്റ് യോഗം ഗവർണറോട് ആവശ്യപ്പെട്ടു. യോഗത്തിൽ വിസി ഡോ.വി പി മഹാദേവൻപിള്ള അധ്യക്ഷനായി.