കൽപ്പറ്റ
രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിച്ചിത്രം എറിഞ്ഞുതകർത്ത കേസിൽ കോൺഗ്രസുകാർ അറസ്റ്റിലായതിൽ വ്യക്തമായ ഉത്തരമില്ലാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംപി ഓഫീസിലെ രണ്ട് സ്റ്റാഫ് ഉൾപ്പെടെ അറസ്റ്റിലായവർക്കെതിരെ തെളിവില്ലെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംപിയുടെ ഓഫീസിലുള്ളവരെ അറസ്റ്റുചെയ്ത് രാഹുൽഗാന്ധിയെ വീണ്ടും അപമാനിക്കാനാണ് മുഖ്യമന്ത്രിയും സിപിഐ എമ്മും ശ്രമിക്കുന്നത്. ബിജെപി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണിതെന്നും ആരോപിച്ചു.
ഓഫീസ് സ്റ്റാഫുകൾ അറസ്റ്റിലായതിൽ രാഹുൽഗാന്ധി പ്രതികരിക്കാത്തത് ചൂണ്ടിക്കാണിച്ചപ്പോൾ സമയമാകുമ്പോൾ പ്രതികരിക്കുമെന്നായിരുന്നു മറുപടി. ബിജെപിയെ പേടിച്ചിട്ടാണോ രാഹുൽ പ്രതികരിക്കാത്തതെന്ന് ആവർത്തിച്ച് ചോദിച്ചെങ്കിലും നല്ല ചോദ്യം എന്നുമാത്രം പറഞ്ഞ് ഒഴിഞ്ഞുമാറി. ഗാന്ധിച്ചിത്രം കോൺഗ്രസുകാർ തകർക്കുന്ന തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ പോയശേഷമാണ് ചിത്രം തകർന്നതെന്ന് പൊലീസിന്റെ ഫോട്ടോകളിലും വ്യക്തമായത് ചൂണ്ടിക്കാണിച്ചപ്പോൾ ഓഫീസിന്റെ പിന്നിലൂടെ വന്നവരാണ് അക്രമം നടത്തിയതെന്നായിരുന്നു സതീശന്റെ പ്രതികരണം.