കൊച്ചി
കോടതി വരാന്തയിൽപ്പോലും നിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞകേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ പഴയ വാർത്താസമ്മേളനം ട്രോളായി നിറയുകയാണ്. വക്കീലാണെന്ന് പറയുന്ന സതീശൻ കോടതിവരാന്തയെങ്കിലും കണ്ടിട്ടുണ്ടോ എന്നുപോലും ട്രോളന്മാർ ചോദിക്കുന്നു.
കലാപാഹ്വാനമുൾപ്പെടെ സ്വപ്നയ്ക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. സംസ്ഥാനത്ത് കലാപശ്രമത്തിന് 745 കേസുകളാണുണ്ടായത്. ഉന്നതസ്ഥാനത്തിരിക്കുന്നവർക്കെതിരായ പൊള്ളയായ പരാമർശങ്ങൾ കലാപത്തിനു വഴിവയ്ക്കുമെന്ന് ആർക്കും അറിയാമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ഇഡി കേസ് അട്ടിമറിക്കാനാണ് ഗൂഢാലോചനക്കേസെന്നുമുള്ള സ്വപ്നയുടെ വാദം തള്ളിയ കോടതി, നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതിക്ക്, സാക്ഷിയുടെ നിയമസംരക്ഷണത്തിന് അർഹതയില്ലെന്നും വ്യക്തമാക്കി. ആർഎസ്എസ് തിരക്കഥയിൽ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിച്ച് വി ഡി സതീശന്റെ പരിഹാസത്തിന് ചുട്ട മറുപടിയാണ് വെള്ളിയാഴ്ച ഹൈക്കോടതി നൽകിയത്.
അന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത്
‘‘ഇപ്പോൾ ഇങ്ങനെ ഒരു മൊഴി കൊടുത്തതിന്റെ പേരിൽ പുതിയ ഒരു കേസ് എടുത്തിരിക്കുകയാ. സാമാന്യ യുക്തിയുള്ള ആരെങ്കിലൂം ഇത്തരമൊരു കേസ് എടുക്കോ? വക്കീലൻമാരൊക്കെ തലയിൽ കൈ വക്കുകയാ. ഏതെങ്കിലും കോടതീടെ വരാന്തയിൽ ഈ കേസ് നിൽക്കോ? ’’