മണ്ണാർക്കാട് (പാലക്കാട്)
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തെതുടർന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 12 പേരുടെ ജാമ്യം മണ്ണാർക്കാട് പട്ടികജാതി–-പട്ടികവർഗ പ്രത്യേക കോടതി റദ്ദാക്കി. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നുകാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് വിധി. പ്രതികളായ മരക്കാർ(37), ഷംസുദ്ദീൻ(37), അനീഷ്(34), രാധാകൃഷ്ണൻ(38), അബൂബക്കർ(35), സിദ്ദീഖ്(42), നജീബ്(37), ജെയ്ജുമോൻ(48), അബ്ദുൾ കരീം(52), സജീവ്(34), ബിജു(41), മുനീർ(32) എന്നിവരുടെ ജാമ്യമാണ് ജഡ്ജി കെ എം രതീഷ് കുമാർ റദ്ദാക്കിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായ ഒന്ന്, എട്ട്, 13, 14 പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടില്ല.
2018 മെയ് 30നാണ് ഹൈക്കോടതിയിൽ നിന്നും ഇവർക്ക് ജാമ്യം ലഭിച്ചത്. വ്യവസ്ഥകൾ ലംഘിച്ചാൽ വിചാരണക്കോടതിക്ക് ജാമ്യം റദ്ദാക്കാമെന്ന് വിധിയിൽ പറഞ്ഞിരുന്നു. ഏപ്രിൽ 29നാണ് മധു കേസിന്റെ സാക്ഷി വിസ്താരം ആരംഭിച്ചത്. മജിസ്ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ മൊഴി മാറ്റി. വിസ്തരിച്ച 13ൽ 11 സാക്ഷികളാണ് കൂറുമാറിയത്. ഇതോടെയാണ് പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ പ്രഥമദൃഷ്ട്യാ തന്നെ ലംഘിക്കപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണിയും ജഡ്ജി കെ എം രതീഷ് കുമാർ വിധിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ ഹാജരായി.
കോടതി വിധിയിൽ സന്തോഷമെന്നും കേസിൽ ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മുക്കാലിയിൽ ആദിവാസി യുവാവായ മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് തല്ലിക്കൊന്നത്.
പൊലീസിന്റെ ഇടപെടൽ ഫലംകണ്ടു
സാക്ഷികൾ കൂട്ടത്തോടെ മൊഴി മാറ്റിയതു മുതൽ ഇവരെ അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരീക്ഷിക്കാൻ ആരംഭിച്ചു. ഇവരുടെ ഫോൺ രേഖകളിൽ നിന്ന് പ്രതികൾ പതിവായി സാക്ഷികളെ വിളിക്കാറുണ്ടെന്ന് വ്യക്തമായി. തുടർന്ന് സാക്ഷികളും പ്രതികളും പിഎം ലോഡ്ജിൽ ഒരുമിച്ചിരിക്കുന്ന സിസിടിവി ദൃശ്യം ശേഖരിച്ചു. ഇവ പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിൽ നിർണായക വഴിത്തിരിവായി.
ആദിവാസി സ്ത്രീയുടെ പേരിൽ സിംകാർഡ് എടുത്താണ് സാക്ഷികളെ വിളിച്ചത്. ഹോട്ടൽ മുറിയിൽവച്ച് പ്രതികൾക്ക് പണം നൽകിയതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇക്കാര്യവും കോടതി പരിഗണിച്ചു.