കണ്ണൂർ> കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ നഗ്നനായി മോഷണം പതിവാക്കിയയാൾ പിടിയിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അബ്ദുൽ കബീർ എന്ന വാട്ടർ മീറ്റർ കബീറിനെ(56)യാണ് എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് സി ഐ പി എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്.
രണ്ടു മാസങ്ങളായി രാത്രി നഗരത്തിലെ വീടുകളിൽ നഗ്നനായി മോഷണം നടത്തിവരികയായിരുന്നു പ്രതി. താണ, മേലെചൊവ്വ, താവക്കര ഭാഗങ്ങളിലാണ് ഇയാൾ മോഷണം നടത്തിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ മാണിക്കക്കാവിന് സമീപത്തെ ഒരു വീട്ടിൽ നിന്ന് പ്രതി നഗ്നനായി മോഷണം നടത്തുന്ന സിസിടി വി ക്യാമറ ദ-ൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൻറ അടിസ്ഥാനത്തിൽ പലയിടങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 2005 മുതൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 11 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.