ന്യൂഡൽഹി
മേൽജാതിക്കാരനായ അധ്യാപകന്റെ മർദനമേറ്റ ദളിത് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ ജാതിവിവേചനമില്ലെന്ന വാദവുമായി രാജസ്ഥാൻ പൊലീസ്. ഭരണകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗവും പ്രാദേശിക ബിജെപി എംഎൽഎയും ഈ നിലപാടിലാണ്.അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ 20 ശതമാനത്തോളം സവർണ വോട്ടുകൾ നിർണായകമാണ്.മേൽജാതിക്കാർക്കുള്ള കുടത്തിൽനിന്ന് വെള്ളം കുടിച്ചതിനാണ് ഇന്ദ്ര മേഘ്വാൾ എന്ന മൂന്നാം ക്ലാസ് വിദ്യാർഥിയെ രാജ്പുത് വിഭാഗക്കാരനായ അധ്യാപകൻ ചയിൽ സിങ് മർദിച്ചത്. ചികിൽസയിലിരിക്കെ കുട്ടി മരിച്ചു. സംഭവത്തിൽ ജാതിവിവേചനമില്ലെന്ന് ജലോർ എസ്പി ഹർഷ്വർധൻ അഗർവാൾ അവകാശപ്പെട്ടു. ഇക്കാര്യം ആവർത്തിച്ച് ജലോര്‍ ബിജെപി എംഎൽഎ ജോഗേശ്വർ ഗാർഗും രംഗത്തെത്തി.
സവർണ വിഭാഗക്കാരായ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാജേന്ദ്ര ഗുദ്ധയും ജാതിവിവേചനമില്ലെന്ന് വാദത്തിലാണ്. വിദ്യാർഥിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച സച്ചിൻ പൈലറ്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ മന്ത്രി വിമർശിച്ചു.