ന്യൂഡൽഹി
രാജ്യത്തെ പണപ്പെരുപ്പനിരക്ക് സ്വീകാര്യമായ ഉയർന്നപരിധി മറികടന്ന് തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഇടപെടുന്നു. റിസർവ് ബാങ്ക് പണനയ അവലോകനസമിതിയുടെ പ്രത്യേക യോഗം ഒക്ടോബർ 12നുശേഷം ചേരും. വിഷയത്തിൽ കേന്ദ്രസർക്കാരിനു നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ചെയ്യും. 2026 മാർച്ച് 31 വരെ പണപ്പെരുപ്പനിരക്ക് ആറു ശതമാനം കവിയരുതെന്നാണ് റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം നിശ്ചയിച്ചത്. എന്നാൽ, ഇക്കൊല്ലം തുടർച്ചയായി ചില്ലറവ്യാപാരമേഖലയിൽ പണപ്പെരുപ്പനിരക്ക് ഈ പരിധി മറികടന്നു. ജൂലൈ–-സെപ്തംബർ പാദത്തിലും പണപ്പെരുപ്പനിരക്ക് ആറു ശതമാനത്തിൽ കൂടുതലാകുമെന്ന് കരുതുന്നു. ലക്ഷ്യം നേടാൻ കഴിയാത്തതിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളും റിസർവ് ബാങ്ക് റിപ്പോർട്ടിൽ വിശദീകരിക്കും.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗസമിതിയുടെ റിപ്പോർട്ട് ധനമന്ത്രാലയത്തിനു കൈമാറും.