കൊച്ചി
വർഷത്തിന്റെ രണ്ടാംപാദത്തിൽ മലയാളസിനിമയുടെ തിരിച്ചുവരവിന്റെ സൂചനകൾ പ്രകടമായതോടെ ഓണച്ചിത്രങ്ങളിൽ കൂടുതൽ പ്രതീക്ഷയർപ്പിച്ച് തിയറ്ററുകൾ. ജനുവരിമുതൽ ജൂൺവരെയുള്ള ആറുമാസത്തിനിടെ തിയറ്ററിൽ റിലീസായ 76ൽ 70 ചിത്രങ്ങളും സാമ്പത്തിക പരാജയമായിരുന്നു. എന്നാൽ, ജൂലൈയിലും -ആഗസ്തിലും റിലീസായ മുപ്പതോളം ചിത്രങ്ങളിൽ അഞ്ചെണ്ണം തിയറ്ററുകളിൽ വൻ ചലനമുണ്ടാക്കി. വമ്പൻ താരചിത്രങ്ങൾ ഉൾപ്പെടെ റിലീസാകുന്ന ഓണക്കാലത്ത് തിയറ്ററുകൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.
സെപ്തംബറിലെ ആദ്യ വെള്ളിമുതൽ ഓണച്ചിത്രങ്ങളുടെ വരവ് ആരംഭിക്കും. മോഹൻലാലിന്റെ മോൺസ്റ്റർ, പൃഥ്വിരാജ് നായകനായ ഗോൾഡ്, നിവിൻ പോളിയുടെ പടവെട്ട്, കുഞ്ചാക്കോ ബോബന്റെ ഒറ്റ്, വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്, ബിജുമേനോന്റെ ഒരു തെക്കൻ തല്ല്, ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവർ തുടങ്ങിയവയാണ് ഓണത്തിനെത്തുന്ന പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിക്ക് ഇക്കുറി ഓണം റിലീസില്ല. തിയറ്ററുകളിൽ ജൂലൈയിലും ആഗസ്തിലുമുണ്ടായ ഉണർവ് ഓണത്തോടെ കൂടുതൽ ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറൽ സെക്രട്ടറി കെ വിജയകുമാർ പറഞ്ഞു.
ഭീഷ്മപർവം, ഹൃദയം, ജനഗണമന, സിബിഐ –-5, ജോ ആൻഡ് ജോ, സൂപ്പർ ശരണ്യ എന്നിവയാണ് ജൂൺവരെ ആദ്യ ആറുമാസം തിയറ്ററിൽ രക്ഷപ്പെട്ടത്. കെജിഎഫ്2, ആർആർആർ, വിക്രം തുടങ്ങിയ അന്യഭാഷാചിത്രങ്ങളും ചലനമുണ്ടാക്കി. രണ്ടാംപാദത്തിൽ ജൂലൈ റിലീസുകൾ തിയറ്ററുകളിൽ മാറ്റം പ്രകടമാക്കി. പൃഥ്വിരാജിന്റെ കടുവ, ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ്, നിവിൻ പോളിയുടെ മഹാവീര്യർ, സുരേഷ്ഗോപിയുടെ പാപ്പൻ തുടങ്ങിയവ ബോക്സ് ഓഫീസ് വിജയമായി. കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട്, ടൊവിനോയുടെ തല്ലുമാല എന്നീ ചിത്രങ്ങൾ ആഗസ്തിൽ തരംഗമായി.
നേരിട്ടുള്ള ഒടിടി മലയാളം റിലീസുകളും രണ്ടാംപകുതിയിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യ ആറുമാസം മുപ്പതോളം ചിത്രങ്ങൾ നേരിട്ട് ഒടിടിയിൽ വന്നു. പോയ 50 ദിവസത്തിനിടെ 10 മലയാളചിത്രങ്ങളാണ് അത്തരത്തിലെത്തിയത്. ഒടിടി റിലീസ് ലക്ഷ്യമിട്ടുള്ള പുതിയ ടൈറ്റിലുകളുടെ രജിസ്ട്രേഷനും കുറഞ്ഞിട്ടുണ്ട്. ഒടിടിയിൽ തരംഗമാകാൻ പക, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾക്കായി.
ഒടിടിയുടെ അതിപ്രസരവും സിനിമകളുടെ നിരവാരമില്ലായ്മയുമാണ് തിയറ്ററിൽനിന്ന് പ്രേക്ഷകരെ അകറ്റിയതെന്നാണ് ഫിയോകിന്റെ പക്ഷം. ഉറപ്പായ മിനിമം സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് നിർമാതാക്കൾ പലരും ഒടിടിയിലേക്ക് ചുവടുമാറ്റിയിരുന്നു. എന്നാൽ, ഒടിടി പ്ലാറ്റ്ഫോമുകൾ സ്വയം നിയന്ത്രണം കൊണ്ടുവന്നത് ആ കുത്തൊഴുക്കിന് തടയിട്ടു. തിയറ്ററിൽ വരുന്ന ചിത്രങ്ങളുടെ ഒടിടി റിലീസിന് വ്യവസ്ഥയുണ്ടാക്കിയതും മാറ്റത്തിന് കാരണമായി.