തിരുവനന്തപുരം
സോളാർ ലൈംഗിക പീഡനക്കേസിൽ അടൂർ പ്രകാശ് എംപിയെ ഡൽഹിയിലും എ പി അനിൽകുമാർ എംഎൽഎയെ മലപ്പുറത്തും സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടി കെ സി വേണുഗോപാലിനെയും ചോദ്യം ചെയ്തിരുന്നു.
അനിൽകുമാറിനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഉൾപ്പെടെ സിബിഐ പരിശോധന നടത്തി. ഇതിനു പുറമെ റോസ് ഹൗസ്, കേരള ഹൗസ് എന്നിവിടങ്ങളിൽവച്ചും അനിൽകുമാർ പീഡിപ്പിച്ചതായാണ് പരാതി. കേരള ഹൗസിൽ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. ജീവനക്കാരുടെ മൊഴിയുമെടുത്തു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ താമസിച്ചിരുന്ന ക്ലിഫ് ഹൗസ്, ഹൈബി ഈഡൻ താമസിച്ചിരുന്ന എംഎൽഎ ഹോസ്റ്റലിലെ മുറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഉമ്മൻചാണ്ടി, അബ്ദുള്ളക്കുട്ടി, തോമസ് കുരുവിള എന്നിവരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്.
2021 ജനുവരിയിലാണ് സോളാർ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിട്ടത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, ഉമ്മൻചാണ്ടിയുടെ സന്തതസഹചാരി തോമസ് കുരുവിള, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക പീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ വകുപ്പ് ചുമത്തി ആറ് എഫ്ഐആറാണുള്ളത്.
ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യത്തിൽ പങ്കാളിയാകൽ എന്നിവയാണ് ഉമ്മൻചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെയുള്ള കുറ്റം. മറ്റുള്ളവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂർ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരിൽ ലൈംഗിക പീഡനത്തിനും. അടൂർ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും ലൈംഗികച്ചുവയുള്ള സംഭാഷണവുമായി ശല്യംചെയ്ത കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയ കുറ്റവും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്.