ഹരാരെ
സിംബാബ്വെയെ 10 വിക്കറ്റിന് തുരത്തി ഇന്ത്യ തുടങ്ങി. പന്തിലും ബാറ്റിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് ലോകേഷ് രാഹുലും സംഘവും ജയിച്ചുകയറിയത്. മൂന്ന് മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ 1–-0 മുന്നിലായി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ ഇന്ത്യൻ ബൗളർമാർ 189 റണ്ണിൽ തീർത്തു. ദീപക് ചഹാറും പ്രസിദ്ധ് കൃഷ്ണയും അക്സർ പട്ടേലും മൂന്നുവീതം വിക്കറ്റുകൾ നേടി. മറ്റൊന്ന് മുഹമ്മദ് സിറാജിന്. മറുപടിയിൽ ശിഖർ ധവാനും (113 പന്തിൽ 81) ശുഭ്മാൻ ഗില്ലും (72 പന്തിൽ 82) 115 പന്ത് ബാക്കിനിൽക്കേ വിജയറൺ കണ്ടു. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ തുടർച്ചയായ 13–-ാം ജയമാണിത്.
സ്കോർ: സിംബാബ്വെ 189 (40.3) ഇന്ത്യ 0–-192 (30.5). മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ദീപക് തകർത്തു. ആറ് റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് ബലികഴിച്ച സിംബാബ്വേക്ക് പിന്നീട് കരകയറാനായില്ല. സിറാജിനൊപ്പം ചേർന്നുള്ള ഓപ്പണിങ് സ്പെല്ലിൽ ഇന്നസെന്റ് കയിയ (4), താഡ്വിയാൻഷെ മരുമാനി (8), വെസ്ലി മദെവ്ർ (5) എന്നിവരെ ദീപക് മടക്കി. സൂപ്പർതാരം സിക്കന്തർ റാസ (12) നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ റെഗിസ് ചകബ്വ 35 റണ്ണടിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 110 എന്ന നിലയിൽ തകർന്ന ടീമിനെ വാലറ്റക്കാരായ ബ്രാഡ് ഇവാൻസും (29 പന്തിൽ 33*) റിച്ചാർഡ് എൻഗാർവയുമാണ് (42 പന്തിൽ 34) കരകയറ്റിയത്. ഇരുവരും 70 റൺ ചേർത്തു.
ധവാനും ഗില്ലും അനായാസമാണ് ബാറ്റ് വീശിയത്. പതിയെ തുടങ്ങിയ ഗിൽ പിന്നീട് കത്തിക്കയറി. 10 ഫോറും ഒരു സിക്സറും ഇരുപത്തിരണ്ടുകാരൻ പായിച്ചു. ധവാന്റെ ഇന്നിങ്സിൽ ഒമ്പത് ബൗണ്ടറിയുണ്ട്. ദീപകാണ് കളിയിലെ താരം. നാളെയാണ് രണ്ടാംമത്സരം.