തേഞ്ഞിപ്പലം
എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമിയുടെ കുതിപ്പ്. സംസ്ഥാന ഇന്റർ ഡിസ്ട്രിക്റ്റ് ക്ലബ് അത്ലറ്റിക് മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആധിപത്യം സ്ഥാപിച്ചാണ് 371 പോയിന്റോടെ എംഎ അക്കാദമിയുടെ മുന്നേറ്റം. കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി (162) രണ്ടാമതും പാല അൽഫോൻസ അത്ലറ്റിക് അക്കാദമി (145) മൂന്നാമതുമാണ്.
കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ മൂന്നാംദിനം അഞ്ച് മീറ്റ് റെക്കോഡുകൾകൂടി പിറന്നു. വനിതകളുടെ 200 മീറ്ററിൽ എ പി ഷീൽഡ പുതിയ സമയം കണ്ടെത്തി (24.84 സെക്കന്റ്). 100 മീറ്ററിലും റെക്കോഡ് സ്ഥാപിച്ചിരുന്നു. തിരുവനന്തപുരം മാമൂട് ബ്രദേഴ്സ് ക്ലബ്ബിന്റെ താരമാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ ഷീൽഡ.
പുരുഷന്മാരുടെ 5000 മീറ്ററിൽ ഷെറിൻ ജോസ് (15 മിനിറ്റ് 03.8 സെക്കന്റ്), ട്രിപ്പിൾജമ്പിൽ എ ബി അരുൺ (16.09 മീറ്റർ), ഡിസ്കസ് ത്രോയിൽ കെ സി സിദ്ധാർഥ് (48.21 മീറ്റർ), അണ്ടർ 14 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പാർവണ ജിതേഷ് (11.93 മീറ്റർ) എന്നിവർ റെക്കോഡ് നേട്ടം കൈവരിച്ചു.