ന്യൂഡൽഹി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) ഭരണകാര്യങ്ങൾ നിർവഹിക്കാൻ അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റിയെ ചുമതലപ്പെടുത്തിയ ഡൽഹി ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. തൽസ്ഥിതി തുടരാനാണ് നിർദേശം. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഐഒഎ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ. അഡ്മിനിസ്ട്രേറ്റർമാർ അധികാരമേറ്റാൽ ഇന്ത്യക്ക് ഒളിമ്പിക്സ് അടക്കമുള്ള രാജ്യാന്തര മത്സരങ്ങളിൽ അവസരം നഷ്ടപ്പെടുമെന്ന് ഐഒഎ വാദിച്ചു.
ഇത് അംഗീകരിച്ച കോടതി, അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റിക്ക് ഭരണം കൈമാറേണ്ടതില്ലെന്ന് വ്യക്തമാക്കി. സ്പോർട്സ് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രാഹുൽ മെഹ്റയുടെ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഭരണം അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിക്ക് കൈമാറിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുവരെ ഭരണം അഡ്മിനിസ്ട്രേറ്റർമാർക്ക് കൈമാറാനായിരുന്നു നിർദേശം. ഹൈക്കോടതി ഉത്തരവിനെതിരെ ഒളിമ്പിക് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റിക്ക് അധികാരം കൈമാറിയാൽ അത് ബാഹ്യ ഇടപെടലായി ചിത്രീകരിക്കപ്പെടുമെന്ന് ഐഒഎക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു.
തെരഞ്ഞെടുക്കപ്പെടാത്ത ഏതെങ്കിലും കമ്മിറ്റി ഒളിമ്പിക് അസോസിയേഷന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ത്യയെ എല്ലാ ഒളിമ്പിക് ഇനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കാൻ 90 ശതമാനം സാധ്യതയുണ്ടെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. ഈ സാഹചര്യത്തിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസ് സി ടി രവികുമാർകൂടി അംഗമായ സുപ്രീംകോടതി ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിക്കുകയായിരുന്നു.