പുൽപ്പള്ളി > നെൽവയലിന്റെ വരമ്പ് ചവിട്ടിനശിപ്പിച്ചെന്നാരോപിച്ച് ആദിവാസി കുട്ടികൾക്ക് ക്രൂര മർദനം. നടവയൽ നെയ്ക്കുപ്പ കോളനിയിലെ ഷിഗിൽ (ആറ്), ഹൃദുൻ (എട്ട്), അഭിനവ് (എട്ട്) എന്നിവർക്കാണ് മർദനമേറ്റത്. വയലിന്റെ ഉടമ രാധാകൃഷ്ണനാണ് മർദിച്ചതെന്ന് കുട്ടികൾ പൊലീസിന് മൊഴിനൽകി. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേണിച്ചിറ പൊലീസ് കേസെടുത്തു.
വടികൊണ്ടുള്ള അടിയിൽ കുട്ടികളുടെ കാലും കൈയും പുറവും മുറിഞ്ഞു. ശരീരത്തിന്റെ പലഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്. നിലവിളികേട്ട് കോളനിയിലുള്ളവർ ഓടിയെത്തുമ്പോൾ കുട്ടികൾ മർദനമേറ്റ് അവശനിലയിലായിരുന്നു. ശരീരത്തിൽനിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇവരെ പിന്നീട് പനമരം ഗവ. ആശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി. മൂവരും നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ വിദ്യാർഥികളാണ്.
തിങ്കൾ വൈകിട്ട് നാലോടെ കുട്ടികൾ വയലിൽ കളിക്കുമ്പോഴായിരുന്നു സംഭവം. കേണിച്ചിറ പൊലീസെടുത്ത കേസ് പട്ടികവർഗ വിഭാഗക്കാർക്കുനേരെയുള്ള അതിക്രമം അന്വേഷിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്വകാഡിന് കൈമാറി. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ അധികൃതർ ബാലാവകാശ കമീഷനും പരാതിനൽകി.