ദുബായ്> ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ യുഎഇയിലും വിപുലമായി സംഘടിപ്പിച്ചു. ഇന്ത്യയുടെ 76 ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി, ഇന്ത്യൻ എംബസിയിൽ ത്രിവർണ പതാക ഉയർത്തി ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ദുബായ് ഇന്ത്യൻ കോൺസലേറ്റിൽ കോൺസൽ ജനറൽ ഡോക്ടർ ഡോ. അമൻപുരി ദേശീയ പതാക ഉയർത്തുകയും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള വ്യക്തികൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് സ്ഥാനപതി കാര്യാലയങ്ങളിൽ ഒത്തുകൂടി. യുഎഇയുമായി ഇന്ത്യ പുലർത്തി കൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും ആത്മബന്ധവും വർദ്ധിച്ചുകൊണ്ടിരിക്കുകയും ആണെന്ന് ഇന്ത്യൻ സ്ഥാനപതി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി നിരവധി കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
യുഎഇയിലെ വിവിധ ഇന്ത്യൻ സംഘടനകളും, കൂട്ടായ്മകളും സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രസിഡൻറ് വി പി കൃഷ്ണകുമാറും, അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ പ്രസിഡൻറ് ഡി. നടരാജനും, അബുദാബി മലയാളി സമാജത്തിൽ പ്രസിഡൻറ് റഫീഖും പതാക ഉയർത്തി.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിന് പ്രസിഡൻറ് വൈ എ റഹീം നേതൃത്വം നൽകി. യുഎഇയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് പൂർണ്ണമായ പിന്തുണ യുഎഇയിലെ ഭരണാധികാരികൾ നൽകുകയുണ്ടായി.