വിളപ്പിൽ
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പൊതുമേഖലയുടെ വിറ്റഴിക്കലിനെതിരായ ചെറുത്തുനിൽപ്പ് തുടരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക് പറഞ്ഞു. പൊതുമേഖലകളുടെ പുനഃസംഘടന, സാങ്കേതിക നവീകരണം, പരസ്പര ബന്ധം, പ്രൊഫഷണൽ മാനേജ്മെന്റ്, തൊഴിലാളി പങ്കാളിത്തം എന്നിവ അനിവാര്യമാണ്. പൊതുമേഖലാ- സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊയുടെ സംസ്ഥാന പഠന ക്യാമ്പിൽ “ഇന്ത്യൻ പൊതുമേഖലയുടെ തകർച്ചയും കേരളബദലും’ എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. എൽഐസി അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരി കേന്ദ്ര സർക്കാർ വിറ്റഴിക്കുകയാണ്. ഇതിനെതിരായ ജനകീയ പ്രതിരോധവും ബദലുകളുടെ സൃഷ്ടിയും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഇ എം എസ് അക്കാദമിയിൽ നടന്ന പഠന ക്യാമ്പിൽ മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ. കെ അനിൽകുമാർ, വർഗീയതയും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ ഡോ. കെ എൻ ഗണേഷ് എന്നിവർ പ്രഭാഷണം നടത്തി. സ്പാറ്റൊ സംസ്ഥാന ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ സംഘടന – നേതൃത്വം എന്ന വിഷയത്തിൽ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് വി സി ബിന്ദു, എസ് ബി ബിജു, അജിത്കുമാർ, പ്രദീപ്, ഡോ.ഉണ്ണിക്കൃഷ്ണൻ, ഡോ.എം മോഹൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമാപന യോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.